
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റ് ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണനെ നാളെ കോടതിയില്‍ ഹാജരാക്കും. ജനറൽ ആശുപത്രിയിലെത്തി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ എടുത്തത്. മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് കല്‍പേഷിനാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമെന്നും എസ്‌ഐടി വിലയിരുത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മുന്‍ മൊഴികളിലും വൈരുധ്യമുണ്ടെന്നും എസ്‌ഐടി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ എടുത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ പുളിമാത്തുള്ള വീട്ടില്‍ നിന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ ഓഫീസില്‍ എത്തിക്കുകയായിരുന്നു.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്.
നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികള്‍.
Content Highlights- SIT arrested unnikrishnan potty over sabarimala gold theft case