ലോകമെമ്പാടുമുള്ള 16,000 ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി നെസ്‌ലെ

കമ്പനിയുടെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്

ലോകമെമ്പാടുമുള്ള 16,000 ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി നെസ്‌ലെ
dot image

വേവെയ്: ലോകമെമ്പാടുമുള്ള 16,000 ഉദ്യോഗസ്ഥരെ പിരിച്ചുവിടാനൊരുങ്ങി ആഗോള ഭക്ഷ്യ ഭീമനായ നെസ്‌ലെ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പിരിച്ചുവിടുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരിലെ ആറ് ശതമാനത്തോളം പേരെയാണ് പിരിച്ചുവിടുന്നത്.

പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരിവില കുതിച്ചുയർന്നു. ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും നെസ്‌ലെ വേഗത്തിൽ മാറേണ്ടതുണ്ടെന്നും ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റിൽ മുമ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന തീരുമാനം കഠിനമാണെന്നും എന്നാൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കാതെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിരിച്ചുവിടലിലൂടെ ഒരു ബില്യൺ സ്വിസ് ഫ്രാങ്കിന്റെ ലാഭമാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. 2027 അവസാനത്തോടെ സമ്പാദ്യം മൂന്ന് ബില്യൺ സ്വിസ് ഫ്രാങ്കായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഫിലിപ്പ് നവ്രാറ്റിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള തീരുമാനം പുറത്തു വന്നതിനു പിന്നാലെ കമ്പനി ഓഹരികൾ രാവിലെയുള്ള വ്യാപാരത്തിൽ എട്ട് ശതമാനത്തിലധികം ഉയർന്നു.

സെപ്റ്റംബറിൽ നെസ്‌ലെ വലിയ തിരിച്ചടി നേരിട്ടിരുന്നു. സഹപ്രവർത്തകയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ നെസ്‌ലെ സിഇഒ ആയിരുന്ന ലോറന്റ് ഫ്രെയ്ക്‌സിനെ കമ്പനി പുറത്താക്കിയിരുന്നു. നെസ്‌ലെയുടെ ബിസിനസ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കാരണം കാണിച്ചാണ് സിഇഒയെ നീക്കാൻ കമ്പനി തീരുമാനിച്ചത്. തുടർന്നാണ് ഫിലിപ്പ് നവ്രാറ്റിലിനെ ചുമതലയേൽപ്പിക്കാൻ ബോർഡ് അംഗങ്ങൾ തീരുമാനിച്ചത്.

കഴിഞ്ഞ വർഷവും നെസ്‌ലെയുടെ ഓഹരി വില ഏകദേശം കാൽ ഭാഗത്തോളം ഇടിഞ്ഞിരുന്നു. വലിയ തോതിൽ കമ്പനിയിൽ നിക്ഷേപം നടത്തിയ ആളുകൾ വലിയ ആശങ്കയിലായിരുന്നു. നെസ്പ്രസ്സോ കോഫി കാപ്സ്യൂൾ, കിറ്റ്കാറ്റ് ചോക്ലേറ്റ്, പ്യൂരിന ഡോഗ് ഫുഡ്, മാഗി ബൂളോൺ ക്യൂബുകൾ, ഗെർബർ ബേബി ഫുഡ്, നെസ്ക്വിക് ചോക്ലേറ്റ് ഫ്ലേവറഡ് പാനീയങ്ങൾ എന്നിവയും നെസ്‌ലെയുടെ ബ്രാൻഡുകളിൽ ഉൾപ്പെടുന്നു.

Content Highlights: nestle has announced plans to eliminate 16,000 staffs

dot image
To advertise here,contact us
dot image