
വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ പ്രതികരണവുമായി വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നൊബേല്‍ നല്‍കാത്തതിലുള്ള വിമര്‍ശനമാണ് വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. നൊബേല്‍ കമ്മിറ്റി സമാധാനത്തേക്കാള്‍ രാഷ്ട്രീയത്തെ പരിഗണിച്ചതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും ജീവനുകള്‍ രക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി ഡോണള്‍ഡ് ട്രംപ് മുന്നോട്ട് പോകുമെന്നും മനുഷ്യത്വമുള്ള ആളാണ് ട്രംപെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
നേരത്തേ തനിക്ക് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തിയിരുന്നു. ഏഴ് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കണമെന്ന് എല്ലാവരും പറയുന്നുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. 2018 മുതല്‍ യുഎസിനകത്തും പുറത്തുമുള്ള രാഷ്ട്രീയക്കാര്‍ ട്രംപിനെ നൊബേലിനായി നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തവണ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും പാകിസ്താൻ സര്‍ക്കാരും ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കാണ് ലഭിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മരിയ കൊറീന. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊറീന.
Content Highlight; White House Criticizes Nobel Committee Over Trump Consideration