2000തടവുകാർക്ക് പകരം 20 ഇസ്രയേൽ ബന്ദികളെ വിട്ട് നൽകാൻ ഹമാസ്;ബന്ദികളെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതായി ഇസ്രയേൽ

കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ കൈമാറ്റം നടക്കുമെന്നാണ് പ്രതീക്ഷ

2000തടവുകാർക്ക് പകരം 20 ഇസ്രയേൽ ബന്ദികളെ വിട്ട് നൽകാൻ ഹമാസ്;ബന്ദികളെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതായി ഇസ്രയേൽ
dot image

ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച ഗാസ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടം അംഗീകരിച്ചതിന് പിന്നാലെ ബന്ദികളെ വിട്ടയക്കാന്‍ തയ്യാറായതായി ഹമാസ്. ഇസ്രയേലില്‍ തടവില്‍ കഴിയുന്ന 2000 പലസ്തീനിയന്‍ തടവുകാര്‍ക്ക് പകരം ഗാസയിലുള്ള 20 ഇസ്രയേല്‍ ബന്ദികളെ ഹമാസ് വിട്ട് നല്‍കുമെന്ന് ഹമാസിന്റെ സ്രോതസ് ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 പലസ്തീനികളെയും ആക്രമണം ആരംഭിച്ചത് മുതല്‍ ഇസ്രയേല്‍ തടവിലാക്കിയ 1700 പേരെയും വിട്ടയക്കാനാണ് ഹമാസ് ആവശ്യപ്പെട്ടത്. കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ കൈമാറ്റം നടക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഗാസയില്‍ നിന്നുള്ള ബന്ദികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലും ഹമാസും കരാര്‍ അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുമെന്നും ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു.

ഈജിപ്തില്‍ വെച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചയുടെ മൂന്നാം ദിവസമായ ഇന്നലെയായിരുന്നു വെടിനിര്‍ത്തലും ബന്ദി മോചനവും ഉള്‍പ്പെടുന്ന കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഹമാസും ഇസ്രയേലും ഒപ്പുവെച്ചത്. ഇരുവരും ആദ്യ ഘട്ടം അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപായിരുന്നു അറിയിച്ചത്. പിന്നാലെ ആദ്യ ഘട്ടം അംഗീകരിച്ചതായി ഇരുകൂട്ടരും വ്യക്തമാക്കുകയായിരുന്നു.

മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവര്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. 'കരാര്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കും. അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കും. മാനുഷിക സഹായങ്ങളുടെ പ്രവേശനം ഉറപ്പാക്കും. ജയില്‍ തടവുകാരെ കൈമാറും. ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ധൈര്യവും വീര്യവും പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങളെ കൈവിടില്ല', ഹമാസ് വ്യക്തമാക്കി.

ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സര്‍ക്കാരിനെ വിളിച്ച് ചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേല്‍ സേനയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും നന്ദി പറയുന്നു', നെതന്യാഹു പറഞ്ഞു.

Content Highlights: Hamas to release 20 Israeli prisoners in exchange for 2,000

dot image
To advertise here,contact us
dot image