സമാധാന കരാര്‍ അംഗീകരിച്ച് ഹമാസും ഇസ്രയേലും; ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍

കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു

സമാധാന കരാര്‍ അംഗീകരിച്ച് ഹമാസും ഇസ്രയേലും; ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍
dot image

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍. പലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഹമാസും ഇസ്രയേലും സമാധാന കരാര്‍ അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ തിങ്കളാഴ്ച്ചയോടെ മോചിപ്പിക്കുമെന്നും ഇരുപത്തിനാല് മണിക്കൂറിനുളളില്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുമെന്നുമാണ് വിവരം. കരാറിലെ നിര്‍ദേശങ്ങളുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തിലായത്. ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് അറിയിച്ചത്. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'ഇസ്രയേലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയിലെ ആദ്യ ഘട്ടത്തില്‍ ഒപ്പിട്ടതായി ഞാന്‍ അഭിമാനത്തോടെ അറിയിക്കുന്നു. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും. ഇസ്രയേല്‍ അവരുടെ സേനയെ പിന്‍വലിക്കും. എല്ലാ കക്ഷികളെയും നീതിപൂര്‍വം പരിഗണിക്കും. അറബ്, മുസ്‌ലിം സമൂഹത്തിനും ഇസ്രയേലിനും അമേരിക്കയ്ക്കും എല്ലാ രാജ്യങ്ങള്‍ക്കും ഇത് നല്ലൊരു ദിവസമാണ്. ചരിത്രപരവും അഭൂതപൂര്‍വമായ ഈ നിമിഷത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ച മധ്യസ്ഥരായ ഖത്തറിനും ഈജിപ്തിനും തുര്‍ക്കിക്കും ഞങ്ങള്‍ നന്ദി പറയുന്നു', ട്രംപ് പറഞ്ഞു.

കരാറിന്റെ ആദ്യഘട്ടം അംഗീകരിച്ചതായി ഹമാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി, ട്രംപ് എന്നിവര്‍ക്ക് നന്ദി പറയുന്നതായി ഹമാസ് അറിയിച്ചു. ഇസ്രയേല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ട്രംപ് അടക്കമുള്ളവര്‍ ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

'കരാര്‍ ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കും. അധിനിവേശ സേനയുടെ പൂര്‍ണമായ പിന്‍വാങ്ങല്‍ ഉറപ്പാക്കും. മാനുഷിക സഹായങ്ങളുടെ പ്രവേശനം ഉറപ്പാക്കും. ജയില്‍ തടവുകാരെ കൈമാറും. ഗാസയിലെ ജനങ്ങള്‍ സമാനതകളില്ലാത്ത ധൈര്യവും വീര്യവും പ്രകടിപ്പിച്ചു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയാവകാശം എന്നിവ കൈവരിക്കുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളുടെ അവകാശങ്ങളെ കൈവിടില്ല', ഹമാസ് വ്യക്തമാക്കി. കരാറിന്റെ ആദ്യ ഘട്ടം ഒപ്പിട്ടതിന് പിന്നാലെ മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടിക ഹമാസ് കൈമാറിയിട്ടുണ്ട്.

ഇത് ഇസ്രയേലിന് ഒരു മഹത്തായ ദിവസമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കരാറിന് അംഗീകാരം നല്‍കുന്നതിന് നാളെ സര്‍ക്കാരിനെ വിളിച്ച് ചേര്‍ക്കുമെന്നും എല്ലാ ബന്ദികളെയും തിരികെ വീട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ ബന്ദികളെ മോചിപ്പിക്കാനുള്ള പവിത്രമായ ദൗത്യത്തിന് അണിനിരന്നതിന് ഇസ്രയേല്‍ സേനയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും നന്ദി പറയുന്നു' എന്നാണ് നെതന്യാഹു പറഞ്ഞത്.

Content Highlights: Gaza ceasefire comes into effect: Hamas and Israel agree to peace deal

dot image
To advertise here,contact us
dot image