ദോഹയിൽ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ദോഹയിൽ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
dot image

ടെൽ അവീവ്: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ഹമാസ് നേതൃത്വത്തിനെതിരെ ഇന്ന് നടന്ന ഓപ്പറേഷൻ പൂർണ്ണമായും ഇസ്രയേൽ നടത്തിയതാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്. 'ഇസ്രയേലാണ് അതിന് മുൻകൈ എടുത്തത്, ഇസ്രയേലാണ് നടപ്പിലാക്കിയത്, ഇസ്രയേൽ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും' പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഹമാസിന് അവസാന മുന്നറിയിപ്പ് നൽകുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ ധാരണകൾ അം​ഗീകരിക്കുന്നത് സംബന്ധിച്ചായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്. ഇത് തൻ്റെ അവസാന മുന്നറിയിപ്പാണെന്നും ഇനി മറ്റൊരെണ്ണം ഉണ്ടാകില്ലെന്നും തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചിരുന്നു.

ഖത്തറിൽ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രം​ഗത്ത് വന്നിട്ടുണ്ട്. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ സാധാരണ പൗരന്മാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയിരിക്കുന്നത്. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയ‍ർ‌ന്നതായും റിപ്പോർട്ടുണ്ട്. ഹമാസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിർ‌ത്തൽ ചർ‌ച്ചയ്ക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയാണ് ഖലീൽ അൽ ഹയ്യയാണ്. എന്നാൽ പ്രധാന നേതാക്കൾ സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ രൂക്ഷമായ പ്രതികരണവുമായി രം​ഗത്ത് വന്നിട്ടുണ്ട്. താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഭീരുത്വപൂർണ്ണമായ സമീപനമാണ് ഇസ്രയേലിൻ്റെ ആക്രമണം എന്നും ഖത്തർ വിമർശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ന​​ഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ഖത്തർ.

ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇറാനും, സൗദി അറേബ്യയും, യുഎഇയും രംഗത്ത് വന്നിട്ടുണ്ട്. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നുവെന്നാണ് യുഎഇ വ്യക്തമാക്കിയിരിക്കുന്നത്. ഖത്തറിന് പൂർണ പിന്തുണയെന്നാണ് യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള്ള വ്യക്തമാക്കിയിരിക്കുന്നത്. ഇറാനും ഇസ്രയേൽ ആക്രമണത്തെ രൂക്ഷമായ ഭാഷയിലാണ് അപപിച്ചത്. ഇസ്രയേൽ നടത്തിയത് ക്രൂരമായ ആക്രമണമെന്നാണ് സൗദി അറേബ്യയുടെ പ്രതികരണം. ഖത്തറിൻ്റെ പരമാധികാരത്തിൻ്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ​ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ മധ്യസ്ഥ ശ്രമങ്ങൾ ഇനിയില്ലെന്നും എല്ലാം അവസാനിപ്പിച്ചുവെന്നും ഖത്തർ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: The strike against Hamas leaders in Doha was an entirely Israeli operation says Benjamin Netanyahu

dot image
To advertise here,contact us
dot image