ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം

ആക്രമണത്തെ ഖത്തർ അപലപിച്ചിട്ടുണ്ട്

ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം
dot image

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയ ഹമാസ് നേതാക്കളെ ഇസ്രയേൽ ലക്ഷ്യമിടുകയായിരുന്നു എന്നാണ് വിവരം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയിരിക്കുന്നത്. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയരുന്നതായും റിപ്പോർട്ടുണ്ട്. ഹമാസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിർ‌ത്തൽ ചർ‌ച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്. ആക്രമണത്തെ ഖത്തർ അപലപിച്ചിട്ടുണ്ട്. ദോഹയിൽ നടന്ന ആക്രമണം ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിനിധി സംഘത്തെ ആക്രമിച്ചെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പ്രധാന നേതാക്കളെല്ലാ സുരക്ഷിതരാണെന്നാണ് ഹമാസിൻ്റെ അവകാശവാദം.

ദോഹയിലെ ഹമാസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന് സമീപം പത്തോളം സ്ഫോടനങ്ങൾ കേട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദോഹയിലുള്ള ഹമാസ് നേതാക്കളെ വകവരുത്താൻ ലക്ഷ്യമിട്ട് ഇസ്രയേലി എയർഫോഴ്സാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലി ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിൽ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് രം​ഗത്ത് വന്നിട്ടുണ്ട്. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ സാധാരണ പൗരന്മാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ഹമാസ് നേതൃത്വത്തിനെതിരെ ഇന്ന് നടന്ന ഓപ്പറേഷൻ പൂർണ്ണമായും ഇസ്രയേൽ നടത്തിയതാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്. 'ഇസ്രയേലാണ് അതിന് മുൻകൈ എടുത്തത്, ഇസ്രയേലാണ് നടപ്പിലാക്കിയത്, ഇസ്രയേൽ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും' പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

ഇതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ രൂക്ഷമായ പ്രതികരണവുമായി രം​ഗത്ത് വന്നിട്ടുണ്ട്. താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഭീരുത്വപൂർണ്ണമായ സമീപനമാണ് ഇസ്രയേലിൻ്റെ ആക്രമണം എന്നും ഖത്തർ വിമർശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ന​​ഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ഖത്തർ.

Content Highlights: Multiple Explosions Rock Doha Reports Allege Israeli Airstrike On Hamas Headquarters

dot image
To advertise here,contact us
dot image