

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝാല നാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാര്‍ മരിച്ചു. പ്രക്ഷോഭകാരികള്‍ വീടിന് തീയിട്ടതോടെ ഗുരുതരമായി പൊള്ളലേറ്റ റാബി ലക്ഷ്മി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാമൂഹിക മാധ്യമ നിരോധനത്തെ തുടര്‍ന്ന് നേപ്പാളില്‍ തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന് ഇതുവരെയും അയവ് വന്നിട്ടില്ല. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍പാലസും പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രതിഷേധങ്ങളില്‍22 പേരാണ് ഇതുവരെ മരിച്ചത്.
അതിനിടെ നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും രാജിവെച്ചു. ഒലിയുടെ രാജിയ്ക്ക് പിന്നാലെ വിജയ പരേഡുമായി പ്രക്ഷോഭകര്‍ ഒത്തുകൂടി.
രാജിവെച്ച ശര്‍മ ഒലി സൈനിക ഹെലികോപ്റ്ററില്‍ കാഠ്മണ്ഡു വിട്ടെന്നാണ് വിവരം. എന്നാല്‍ എവിടേക്കാണ് പോയതെന്നതില്‍ സ്ഥിരീകരണം ഇല്ല. ദുബായിലേക്കാണ് ഒലി പോയതെന്ന് സൂചനയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈന്യം ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമം അവസാനിപ്പിക്കാന്‍ പ്രക്ഷോഭകാരികളോട് സൈന്യം അഭ്യര്‍ത്ഥിച്ചു. സാമൂഹിക ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്നാണ് ആവശ്യം.
അതിനിടെ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പ്രചരണം നടത്തുന്നുണ്ട്. അക്രമം തുടരുന്നതിനാല്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കാഠ്മണ്ഡുവിലേക്കുളള വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനിടെ നേപ്പാളിലുളള ഇന്ത്യക്കാര്‍ക്ക് ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേപ്പാളിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
Content Highlights: Former Nepal PM's wife dies of burns after protesters set their house on fire