
മോസ്‌കോ: അമേരിക്കയ്ക്ക് താക്കീതുമായി റഷ്യ. ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുത് എന്നാണ് റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വിമര്‍ശിച്ചു. രണ്ട് കരുത്തരായ ഏഷ്യന്‍ ശക്തികളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് അമേരിക്കയുടേതെന്ന് പുടിന്‍ കുറ്റപ്പെടുത്തി. ഇന്ത്യയെയും ചൈനയെയും വ്യാപാര പങ്കാളികള്‍ എന്നാണ് പുടിന്‍ പരാമര്‍ശിച്ചത്. അമേരിക്കയുടെ ഏകാധിപത്യ ഭാഷ ഏഷ്യന്‍ ശക്തികളോട് വേണ്ടെന്നും അധിനിവേശത്തിന്റെ കാലഘട്ടം കഴിഞ്ഞുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു പുടിന്റെ പ്രതികരണം.
സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലൂടെ ഏഷ്യയിലെ രണ്ട് വലിയ ശക്തികളായ ഇന്ത്യയെയും ചൈനയെയും വരുതിയില്‍ നിര്‍ത്താനാണ് യുഎസ് ശ്രമിക്കുന്നത്. റഷ്യയുടെ പങ്കാളികളായ ഇരുരാജ്യങ്ങളിലെയും ഭരണാധികാരികളെ ദുര്‍ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. '150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പദ്‌വ്യവസ്ഥയുള്ള ചൈന. ഇവര്‍ക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളുമൊക്കെയുണ്ട്. ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ ഓര്‍ക്കണം, ആ വലിയ രാജ്യങ്ങളുടെ നേതൃത്വത്തിന് എങ്ങനെയൊക്കെ പ്രതികരിക്കാന്‍ കഴിയുമെന്ന്' പുടിന്‍ പറഞ്ഞു.
ഇരുരാജ്യങ്ങളുടേയും രാഷ്ട്രീയ ബോധ്യത്തിന് ചരിത്രപരമായ വലിയ സ്വാധീനമുണ്ടെന്ന് പുടിന്‍ വ്യക്തമാക്കി. കൊളോണിയലിസം പോലെ ഇരുരാജ്യങ്ങള്‍ക്കും ചരിത്രത്തില്‍ ദുഷ്‌കരമായ കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആരെങ്കിലുമൊരാള്‍ ബലഹീനത പ്രകടിപ്പിച്ചാല്‍ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതായേക്കാമെന്നതിനാല്‍, അതവരുടെ പ്രവൃത്തികളെയും സ്വാധീനിക്കുമെന്നും പുടിന്‍ വിശദീകരിച്ചു. കൊളോണിയല്‍ യുഗം കഴിഞ്ഞുവെന്ന് യുഎസ് മനസിലാക്കണം. പങ്കാളികളായ രാജ്യങ്ങളോട് ഇത്തരത്തില്‍ പെരുമാറാനാകില്ലെന്ന് അവര്‍ മനസിലാക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന ട്രംപിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.
Content Highlight; Putin slams US policy toward India, China