
ബെയിജിംഗ്: ചൈനീസ് തലസ്ഥാനത്ത് ലോകനേതാക്കളുടെ കൂടിക്കാഴ്ചയ്ക്കിടെ നടന്ന റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെയും സ്വകാര്യ സംഭാഷണം വൈറലാകുന്നു. ശക്തിയേറിയ മൈക്രോഫോൺ പിടിച്ചെടുത്ത ഇരുവരുടെയും സംഭാഷണവും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിൻ്റെ പ്രതികരണവുമാണ് ചർച്ചയാകുന്നത്. 150 വയസ്സുവരെ മനുഷ്യൻ ജീവിച്ചിരിക്കാനുള്ള സാധ്യതയെക്കുറിച്ചും മനുഷ്യൻ്റെ അനശ്വരതയെക്കുറിച്ചുമായിരുന്നു സംഭാഷണം. ഇത് കേട്ട് കിം ജോങ് ഉൻ പുഞ്ചിരിക്കുന്നതും വ്യക്തമാണ്. രണ്ടാം ലോകമഹായുദ്ധ വിജയത്തിൻ്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ചൈന നടത്തിയ സൈനിക പരേഡിനിടെയായിരുന്നു സംഭവം. ടിയാൻമെൻ ഗേറ്റിലൂടെ സൈനിക പരേഡ് കാണുന്നതിനായി ലോകനേതാക്കൾ ഒരുമിച്ച് പോകുന്നത് ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതിനിടയിൽ കടന്നുവന്ന കൗതുകകരമായ ഈ സംഭാഷണം സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലാകുകയായിരുന്നു.
ബയോടെക്നോളജി തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് സർക്കാർ ചാനൽ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ പുടിന്റെ വിവർത്തകൻ ചൈനീസ് ഭാഷയിൽ പറയുന്നത് കേട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മനുഷ്യാവയവങ്ങൾ തുടർച്ചയായി മാറ്റിവെയ്ക്കാൻ കഴിയും. നിങ്ങൾ കൂടുതൽ കാലം ജീവിക്കുന്തോറും നിങ്ങൾ പ്രായം കുറഞ്ഞവരാകും, (നിങ്ങൾക്ക്) മരണമില്ലാത്ത അവസ്ഥ കൈവരിക്കാനും കഴിയും എന്നും ആദ്ദേഹം പറയുന്നതായി ദൃശ്യങ്ങളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.
'ഈ നൂറ്റാണ്ടിൽ മനുഷ്യർ 150 വർഷം വരെ ജീവിക്കുമെന്ന് ചിലർ പ്രവചിക്കുന്നുവെന്ന് മന്ദാരിൻ ഭാഷയിൽ ഷി ജിൻ പിങ് പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇത് കേട്ട് തൊട്ടടുത്ത് നിന്ന് കിം ജോങ് ഉൻ ചിരിക്കുന്നതും വ്യക്തമാണ്. സംഭാഷണം കിമ്മിന് വിവർത്തനം ചെയ്ത് കൊടുത്തതിന് പിന്നാലെയാണോ കിമ്മിൻ്റെ ചിരി എന്നതിൽ വ്യക്തതയില്ല. 'ഇക്കാലത്ത്', '70 വയസ്സ്, ആയുസ്സ് എത്ര വലുതായിരുന്നു' തുടങ്ങിയ വാക്കുകൾ ഷി ജിൻ പിങ് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. 'മുമ്പ്, ആളുകൾ അപൂർവ്വമായി മാത്രമേ 70 വയസ്സ് വരെ ജീവിച്ചിരുന്നുള്ളൂ, എന്നാൽ ഇന്ന് 70 വയസ്സിൽ നിങ്ങൾ ഇപ്പോഴും ഒരു കുട്ടിയാണ്' എന്ന് റഷ്യൻ വിവർത്തകൻ പറഞ്ഞാതായും റിപ്പോർട്ടുണ്ട്. ഒരു മിനിട്ട് മാത്രമായിരുന്നു ഈ സംഭാഷണം നീണ്ടത്. പിന്നാലെ കാമറ ടിയാൻമെൻ സ്ക്വയറിലെ ഒരുക്കങ്ങളിലേയ്ക്ക് പോകുകയായിരുന്നു.
ലോകം വീണ്ടും ഒരു വഴിത്തിരിവിലാണെന്ന മുന്നറിയിപ്പ് നൽകിയ പ്രസംഗത്തിനായി ചൈനീസ് പ്രസിഡൻ്റ് വേദിയിലേയ്ക്ക് കയറുന്നതിന് മുമ്പായിരുന്നു ഈ സംഭാഷണം നടന്നത്. എന്നാൽ പിന്നീട് മണിക്കൂറുകൾക്ക് ശേഷം നടന്ന പത്രസമ്മേളനത്തിൽ ഷി ജിൻപിങ്ങുമായി നടന്ന സംഭാഷണം പുടിൻ ശരിവെച്ചെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആളുകൾ ദീർഘകാലം ജീവിക്കുന്നതുമായി ബന്ധപ്പെട്ട് ഷിൻ ജിൻ പിങ്ങിനോട് സംസാരിച്ചുവെന്നായിരുന്നു പുടിൻ്റെ മാധ്യമങ്ങളോടുള്ള പ്രതികരണം.
72കാരായ പുടിനും ഷിയും മനുഷ്യർ കൂടുതൽ കാലം ജീവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതും കൗതുകത്തിന് വഴിതെളിച്ചിട്ടുണ്ട്. ഇരുവരും ഇതുവരെ പിൻഗാമികളെ ഉയർത്തിക്കാണിച്ചിട്ടില്ലെന്നതും ഭരണത്തിൽ തുടരുമെന്ന സൂചനകൾ നൽകിയിട്ടുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രസിഡൻ്റ് പദവിയിൽ തുടരാനുള്ള നിയമഭേദഗതികൾ ഇരുനേതാക്കളും നടത്തിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് പതിനായിരം സൈനികർ പങ്കെടുത്ത പരേഡ് ചൈന സംഘടിപ്പിച്ചത്. പരേഡിൽ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പ്രദർശിപ്പിച്ചു. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. കിം ജോങ് ഉന്നും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും അടക്കം 26 രാഷ്ട്ര തലവൻമാർ സൈനിക പരേഡിന് സാക്ഷികളായി പങ്കെടുത്തിരുന്നു.
Content Highlights: Mic caught Putin and Xi discussing possibility of living to 150 thanks to biotechnology development