
വാഷിങ്ടൺ: ഇന്ത്യയ്‌ക്കെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ഇന്ത്യയിലെ ബ്രാഹ്‌മണ സമൂഹം ഇന്ത്യന്‍ ജനതയില്‍ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുവെന്നാണ് നവോരയുടെ വിമര്‍ശനം. ഇന്ത്യയ്ക്കുമേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ തീരുവയെ നവോര വീണ്ടും ന്യായീകരിച്ചു. യുക്രെനിലെ റഷ്യന്‍ അധിനിവേശത്തിന് ഇന്ധനമാകുന്നതാണ് ഇന്ത്യയുടെ പ്രവൃത്തികളെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നവാരോ ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ത്തിയത്.
'ഇന്ത്യക്കാരില്‍ നിന്നും ഉന്നതകുല ജാതിയില്‍ ഉള്‍പ്പെട്ട ബ്രാഹ്‌മണ സമൂഹം വലിയ ലാഭമുണ്ടാക്കുകയാണ്. അത് നാം അവസാനിപ്പിക്കേണ്ടതുണ്ട്. മോദി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവാണ്. എന്നിട്ടും പുടിനുമായും ഷി ജിന്‍പിങ്ങുമായും മോദി കൂട്ടുകൂടുന്നു. അതെന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല,' നവോര പ്രതികരിച്ചു.
ഇന്ത്യക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവയെ നവാരോ ന്യായീകരിച്ചു. 'ഇന്ത്യ വളരെ കുറഞ്ഞ അളവിലാണ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഇന്ത്യ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി. അത് വലിയ തുകയ്ക്ക് കയറ്റുമതിയും ചെയ്യുകയാണ്. റഷ്യയുമായി ഇന്ത്യ അടുക്കാന്‍ ശ്രമിക്കുന്നതും വ്യാപാര ബന്ധങ്ങളിലേര്‍പ്പെടുന്നതും യുക്രെനിലെ റഷ്യന്‍ അധിനിവേശത്തിന് ഇന്ധനമാകുകയാണ്. ഇതോടെ യുക്രെയ്‌ന് സ്വയം പ്രതിരോധിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.'
ഇന്ത്യയുടെ വ്യാപാര നയങ്ങളെയും നവാരോ വിമര്‍ശിച്ചു. 'താരിഫുകളുടെ മഹാരാജാവാണ് ഇന്ത്യ. ഒരുപാട് സാധനങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷെ വിദേശ നിര്‍മിതമായവ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവദിക്കുന്നില്ല. ഈ വ്യാപാര അസന്തുലിതാവസ്ഥ അമേരിക്കന്‍ തൊഴിലാളികള്‍ക്കും യുക്രേനിയന്‍ സാധാരണക്കാര്‍ക്കും ഒരുപോലെ നാശമുണ്ടാക്കി,' നവാരോ വ്യക്തമാക്കി. നവാരോയുടെ പ്രസ്താവനയ്ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയെ ജാതീയത പറഞ്ഞ് ഭിന്നിപ്പിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നാണ് പലരും ആരോപിക്കുന്നത്.
ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ ടിയാന്‍ജിനിലെത്തിയിരിക്കുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോദി ചൈനയില്‍ എത്തുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഉഭയകക്ഷി കുടിക്കാഴ്ചയും നടത്തി. ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.
Content Highlights: ‘Brahmins profiteering from Indian people’: Navarro’s fresh salvo at India