
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. മൂന്ന് വര്‍ഷമായി നീണ്ട് നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിസമാപ്തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് ട്രപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച.
വാഷിംഗ്ടണ്‍ ഡിസിയിലാണ് ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്, യുകെ പ്രധാനമന്ത്രി സിര്‍ കെയ്ര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡ്‌റിച്ച് മെര്‍സ്, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലയാന്‍ തുടങ്ങിയവർ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസിലെ ചര്‍ച്ചയ്ക്കിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിയോട് കയര്‍ത്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും യുക്രെയ്ന്‍ ഒറ്റപ്പെടാതിരിക്കാനുമാണ് യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സ്‌കിയെ അനുഗമിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ മനസുവെയ്ക്കുന്നില്ലെന്ന് യൂറോപ്യന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അലാസ്‌ക ഉച്ചകോടിക്ക് ശേഷമുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ നിലപാട് സമയം കളയാനുള്ള മാര്‍ഗമാണെന്നും പുടിന്റേത് യുക്രെയ്ന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്നും യൂറോപ്യന്‍ നേതാക്കള്‍ പറഞ്ഞിരുന്നു.
അമേരിക്കയും യൂറോപ്യന്‍ സഖ്യ രാഷ്ട്രങ്ങളും യുക്രെയ്‌ന് സുരക്ഷാ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ പുടിന്‍ സമ്മതം അറിയിച്ചതായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്നലെ പറഞ്ഞിരുന്നു. ഇത് നിര്‍ണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കിഴക്കന്‍ യുക്രെയ്‌ന്റെ ഭൂപ്രദേശങ്ങള്‍ വിട്ടുനല്‍കിയാല്‍ സൈനിക നടപടി അവസാനിപ്പിക്കാം എന്ന പുടിന്റെ ഉപാധി യുക്രെയ്‌ന് തിരിച്ചടി നല്‍കുന്നതാണ്. ഇതിന് പുറമേ ഭൂമി കൈമാറ്റത്തില്‍ ഉള്‍പ്പെടെ കരാറായ ശേഷം മാത്രം വെടിനിര്‍ത്തല്‍ എന്ന പുടിന്റെ നിലപാടും തിരിച്ചടിയാകും. അലാസ്‌ക ചര്‍ച്ചയില്‍ പുടിന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ ട്രംപ് ഇന്ന് സെലന്‍സ്‌കിക്ക് മുന്നില്‍വെയ്ക്കും. എന്നാല്‍ യുക്രെയ്‌ന്റെ ഭാഗങ്ങള്‍ വിട്ടുനല്‍കികൊണ്ടുള്ള സമവായത്തിന് സാധ്യമല്ലെന്നായിരിക്കും സെലൻസ്കിയും യൂറോപ്യന്‍ സഖ്യകക്ഷികള്‍ അടക്കം നിലപാട് വ്യക്തമാക്കുക. ഇത് ചര്‍ച്ചയെ ഏത് രീതിയിലാകും മുന്നോട്ടുനയിക്കുക എന്നത് കാത്തിരുന്ന് വിലയിരുത്തണം.
അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കാന്‍ സാധ്യതയില്ലെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക നിര്‍ണായ ഇടപെടലാണ് നടത്തുന്നത്. എന്നാല്‍ അത് ഫലപ്രദമാകുമെന്ന് കരുതുന്നില്ല. ഇവിടെ സമാധാനം സാധ്യമാകുമെന്ന് കരുതുന്നില്ല. യുദ്ധം തുടരും. ആളുകള്‍ മരിച്ചുവീണുകൊണ്ടിരിക്കുമെന്നും മാര്‍ക്ക് റൂബിയോ പറഞ്ഞിരുന്നു.
Content Highlights- Ukraine president volodymyr zelensky and allies head to white house for ukraine talks