
ടെൽഅവീവ്: ഗാസയുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം. ഗാസയില്‍ ഹമാസ് പിടിച്ചുവെച്ചിരിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങള്‍ക്ക് പിന്തുണയുമായാണ് പ്രതിഷേധം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസുമായി യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇസ്രയേലിന്റെ പതാകയും ബന്ദികളുടെ ഫോട്ടോയും ഉയര്‍ത്തിയാണ് പ്രതിഷേധം. തെരുവുകളിലുടനീളം വിസിലുകളും ഹോണുകളും ഡ്രമ്മുകളും ഉപയോഗിച്ച് കൊണ്ടുള്ള പ്രതിഷേധങ്ങളും നടന്നു. ജെറുസലേമിനും തെല്‍ അവീവിനും ഇടയിലുള്ള തെരുവുകളും ഹൈവേകളും തടഞ്ഞും പ്രതിഷേധം സംഘടിപ്പിച്ചു. ബന്ദികളുടെ കുടുംബം ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ അനുവദിക്കുമെന്ന് നേരത്തെ തന്നെ വിവിധ കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഇന്ന് ഉച്ച വരെ 38 പ്രതിഷേധക്കാരെ ഇസ്രയേല്‍ പൊലീസ് തടവിലാക്കി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് വലിച്ച് കൊണ്ടുപോയി. ഹമാസിനെ തോല്‍പ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ പറയുന്നവര്‍ ബന്ദിമോചനം വൈകിപ്പിക്കുകയാണെന്നും ഹമാസിന് നിലപാട് കടുപ്പിക്കാൻ അവസരം ഒരുക്കുകയാണെന്നും നെതന്യാഹു മന്ത്രിസഭയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് സംഭവിച്ച ഭീകരത ആവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസ സിറ്റി പിടിച്ചെടുക്കാന്‍ തീരുമാനിച്ചതായി നേരത്തെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഇസ്രയേലില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള തീരുമാനം ബന്ദികളായിരിക്കുന്നവരുടെ ജീവന് ആപത്താണെന്ന ഭയം ഇസ്രയേലികള്‍ക്കുണ്ട്. ഗാസയില്‍ നിലവില്‍ 50 ബന്ദികളാണുള്ളത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ സര്‍ക്കാരിന്റെ വിശ്വാസം.
Content Highlights: Protest in Israel against Benjamin Netanyahu for end Gaza war