
വാഷിങ്ടണ്‍: ഇറാന് ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ അക്രമിക്കുന്നതില്‍ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇറാന് അമേരിക്കയെ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു.
'ഇറാന് ഏതെങ്കിലും തരത്തില്‍ ഞങ്ങളെ ആക്രമിച്ചാല്‍, മുമ്പ് കാണാത്ത രീതിയില്‍ അമേരിക്കയിലെ സായുധ സേനയുടെ ശക്തി ഇറാന്റെ മേല്‍ പതിക്കും. എന്നിരുന്നാലും ഇറാനും ഇസ്രയേലിനുമിടയില്‍ എളുപ്പത്തില്‍ ഒരു കരാറിലെത്താനും രക്തരൂക്ഷിതമായ സംഘര്‍ഷം ഇല്ലാതാക്കാനും സാധിക്കും', ട്രംപ് പറഞ്ഞു.
അതേസമയം ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ അപലപിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്ദൊഗാന് രംഗത്തെത്തി. ഇസ്രയേലിന്റെ ആക്രമണം ലജ്ജാകരമായ പ്രകോപനമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും എര്ദൊഗാന് പ്രതികരിച്ചു. പ്രാദേശികവും ആഗോളവുമായ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന നയമാണ് ഇസ്രയേലിന്റേത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും നിയമവിരുദ്ധവും വിനാശകരവുമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇസ്രയേല്‍ നടപടികള്‍ മിഡില്‍ ഈസ്റ്റിനെയും ലോകത്തെയും ദുരന്തത്തിലേക്ക് തള്ളിവിടും. സംഘര്‍ഷ മേഖലയില്‍ രക്തച്ചൊരിച്ചിലോ നാശമോ കാണാന്‍ തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും എര്ദൊഗാന് വ്യക്തമാക്കി.
നിലവില്‍ ആക്രമണം തുടരുമെന്ന് ഇറാനും ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ റെവല്യൂഷനറി ഗാര്‍ഡ്സ് കോര്‍പ്സിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ മേഖലകളെയും ഇസ്രയേല്‍ ലക്ഷ്യം വെച്ചു. ഇറാന് പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്റെ 100ല്‍ അധികം ബാലിസ്റ്റിക് മിസൈലുകള്‍ നശിപ്പിച്ചുവെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം 80 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ അഞ്ച് പേര് കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തില്‍ ഒമാനില്‍ നടക്കാനിരുന്ന ഇറാന്-അമേരിക്ക ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ റദ്ദാക്കി. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനിടയില്‍ ചര്‍ച്ച നിരര്‍ത്ഥകമാണെന്നാണ് ഇറാന്റെ നിലപാട്. ഇസ്രായേല്‍ പിന്മാറിയില്ലെങ്കില് ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ടുമുണ്ട്.
Content Highlights: If Iran attacks they will know the power of US armed forces like never before Donald Trump