

ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അടയ്ക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും. തോൽവിയുടെ യാഥാർത്ഥ്യം അംഗീകരിക്കാതെ മിഥ്യാധാരണകളിൽ തുടർന്നാൽ ഇറാൻ ഉപരോധം തുടരും' എന്നായിരുന്നു ഇറാന്റെ ഉപ വിദേശകാര്യമന്ത്രി കാസം ഗരീബാബാദി എക്സിൽ കുറിച്ചത്. ഹോർമുസ് കടലിടുക്ക് ട്വീറ്റിലൂടെയോ വിമാനവാഹിനിക്കപ്പലിലൂടെയോ പ്രസംഗങ്ങളിലൂടെയോ പിടിച്ചെടുക്കാനാകില്ലെന്നും ഗരീബാബാദി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. 'യുദ്ധത്തിന് മുമ്പ് ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോർമൂസ് കടലിടുക്കിലൂടെ വീണ്ടും കപ്പൽഗതാഗതം അനുവദിക്കണമെങ്കിൽ അമേരിക്ക ചില നിബന്ധനകൾ പാലിക്കണമെ'ന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി പറഞ്ഞതായാണ് ഇറാനിയൻ മാധ്യമമായ ഷഹ്‌റാര റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഇറാനെ വളരെ ദുഷ്ടരാജ്യം എന്നാണ് അമേരിക്കൻ പ്രസിിഡൻ്റ് വിശേഷിപ്പിച്ചത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവിലയിൽ ചെറിയ വർധനവ് സഹിക്കണമെന്നും ട്രംപ് അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിൽ വെള്ളിയാഴ്ച നടന്ന രാഷ്ട്രീയ റാലിയിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ് ട്രംപ്. വളരെ ദുഷ്ടരായ ഒരു രാജ്യത്തിന് ആണവായുധം ലഭിക്കാതിരിക്കാൻ നിങ്ങളുടെ പെട്രോളിന് കുറച്ച് കൂടുതൽ വില കൊടുക്കേണ്ടിവന്നാലും അത് അർഹിക്കുന്ന ത്യാഗമാണ് എന്നായിരുന്നു ട്രംപിൻ്റെ ആവശ്യം. ഇറാനെ തോൽപ്പിച്ചതിന് ശേഷം ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ കൂടുതൽ സാമ്പത്തിക നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ട്രംപും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും നേരത്തെ അറിയിച്ചിരുന്നു. അടുത്ത ആഴ്ച പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ബെസന്റ് ന്യൂസ്മാക്‌സിനോട് പറഞ്ഞത്.
ഇതിനിടെ അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയർന്നുവെന്നാണ് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ കണക്കുകൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ഒരു ഗാലൺ പെട്രോളിന്റെ (3.785 ലിറ്റർ) ശരാശരി വില 4.08 ഡോളറിലെത്തി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 29 ശതമാനം കൂടുതലാണ്. വെള്ളിയാഴ്ച ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് വില ഭാവിയിൽ വാങ്ങാനോ വിൽക്കാനോ മുൻകൂട്ടി നിശ്ചയിക്കുന്ന വിലയിൽ ഒരു ബാരലിന് ഒരു ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഈ ആഴ്ച ആറുശതമാനവും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 5.4 ശതമാനവും ഉയരുന്ന നിലയിലാണെന്നാണ് റിപ്പോർട്ട്. ഊർജച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തോടെയായിരുന്നു ട്രംപ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം നവംബറിലെ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമാക്കാനുള്ള നീക്കത്തിലാണ് ഡെമോക്രാറ്റുകൾ.
അതേസമയം, ഇറാനും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ട്. അമേരിക്കൻ ഉപരോധവും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ നിയന്ത്രണങ്ങളും എണ്ണക്കയറ്റുമതിക്കുള്ള വിലക്കുമാണ് രാജ്യത്തെ ഉയർന്ന പണപ്പെരുപ്പത്തിന് കാരണമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സർക്കാർ ടെലിവിഷനിലൂടെ പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയത് രണ്ട് കപ്പലുകൾ മാത്രമാണെന്നാണ് കപ്പൽഗതാഗത നിരീക്ഷണ സ്ഥാപനമായ ക്ലെപറിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ അവയിൽ ഒന്നിലും ക്രൂഡ് ഓയിൽ ചരക്കില്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുദ്ധത്തിന് മുമ്പ് പ്രതിദിനം 130-ലേറെ കപ്പലുകളാണ് ഈ പാത ഉപയോഗിച്ചിരുന്നത്. ഇറാന്റെ അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോകത്തെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇതുവരെ പുനരാരംഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളുടെയും പ്രതികരണങ്ങൾ എന്നതാണ് ശ്രദ്ധേയം.
Content Highlights: Iran has urged the United States to accept defeat amid escalating tensions, while Donald Trump described Iran as an evil nation, intensifying the ongoing war of words between the two countries.