പൈപ്പ്‌ലൈനിൽ വാൽവ് ഘടിപ്പിച്ച് ക്രൂഡ് ഓയിൽ കവർച്ച ; ദേശീയപാതയിൽ വില്പന! രാജസ്ഥാനിൽ എട്ടംഗ സംഘം പിടിയിൽ

ഹൈ പ്രഷർ പൈപ്പ്‌ലൈനിലേക്ക് മൂന്നടി താഴ്ചയുള്ള കുഴിയെടുത്ത്, ദ്വാരമുണ്ടാക്കിയാണ് ഇവർ ചോർത്തിയത്

പൈപ്പ്‌ലൈനിൽ വാൽവ് ഘടിപ്പിച്ച് ക്രൂഡ് ഓയിൽ കവർച്ച ; ദേശീയപാതയിൽ വില്പന! രാജസ്ഥാനിൽ എട്ടംഗ സംഘം പിടിയിൽ
dot image

രാജസ്ഥാനിലെ ബലോത്ര ജില്ലയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രധാന ഭൂഗർഭ പൈപ്പ്‌ലൈൻ തുരന്ന് 20 ടൺ ക്രൂഡ് ഓയിൽ കവർന്ന എട്ടംഗ സംഘത്തെ ഗുജറാത്ത് ഭീകരവിരുദ്ധ സംഘവും രാജസ്ഥാൻ പൊലീസും ചേർന്ന് പിടികൂടി. മുൻപ് ചെറിയ മോഷണക്കേസുകളിൽ പ്രതികളായിരുന്ന ഇവർ ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന എണ്ണയാണ് കവർന്നത്.

ജയിൽ ബന്ധങ്ങളും എച്ച്.പി.സി.എൽ റിഫൈനറിയുടെ 20 കിലോമീറ്റർ നീളമുള്ള പൈപ്പ്‌ലൈൻ ശൃംഖലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും ഉപയോഗിച്ചാണ് സംഘം എണ്ണക്കുഴലിന്റെ കൃത്യമായ സ്ഥാനം മാപ്പ് ചെയ്തത്.

ബലോത്രയിലെ കാലുഡി ഗ്രാമത്തിൽ ആറടി താഴ്ചയിൽ കിടന്നിരുന്ന ഹൈ പ്രഷർ പൈപ്പ്‌ലൈനിലേക്ക് ഇവർ മൂന്നടി താഴ്ചയുള്ള കുഴിയെടുത്തു. ശേഷം, പൈപ്പ്‌ലൈനിൽ ദ്വാരമുണ്ടാക്കി പ്രത്യേക വാൽവ് ഘടിപ്പിച്ചാണ് അതീവ അപകടകരമായ രീതിയിൽ ക്രൂഡ് ഓയിൽ ചോർത്തിയത്. 10 ടൺ വീതം ശേഷിയുള്ള രണ്ട് വാഹനങ്ങളിലായി ഇവർ എണ്ണ കടത്തുകയും രാജസ്ഥാനിലെ ബിയാവറിലുള്ള ഒരാൾക്ക് വിൽക്കുകയും ചെയ്തു.

രണ്ടാഴ്ചയോളം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്ന ഈ വൻ കൊള്ളയെക്കുറിച്ച് ഗുജറാത്ത് എ.ടി.എസ്സിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. കവർന്ന എണ്ണ അഹമ്മദാബാദ്-രാജ്കോട്ട് ദേശീയപാതയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളിലൊരാൾ ആദ്യം പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ഒരു ധാബയിൽ ഒളിച്ചിരിക്കുകയായിരുന്ന മറ്റ് ഏഴ് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് സ്വദേശികളായ ഘൻശ്യാം സോണി, ജയരാജ്സിങ് ചുഡാസാമ, രഞ്ജിത് ചൗരസ്യ, രമേഷ് താക്കൂർ, സുരേജി താക്കൂർ, മഹേഷ് താക്കൂർ, മുകേഷ് കുമാർ മേഘ്‌വാൾ, ദിലീപ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.

അതീവ ജ്വലനശേഷിയുള്ള ക്രൂഡ് ഓയിൽ കടന്നുപോകുന്ന പൈപ്പ്‌ലൈൻ തകർത്തുള്ള ഈ മോഷണം വലിയ തീപിടിത്തങ്ങൾക്കോ സ്ഫോടനങ്ങൾക്കോ പൊതുജനങ്ങളുടെ ജീവഹനിക്കോ കാരണമാകാമായിരുന്ന അതീവ അപകടകരമായ നീക്കമായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം, പെട്രോളിയം-മിനറൽ പൈപ്പ്‌ലൈൻ നിയമ ഭേദഗതി എന്നിവയുൾപ്പെടെയുള്ള കർശനമായ വകുപ്പുകൾ ചുമത്തി രാജസ്ഥാനിലെ ജാസോൾ പൊലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Content Highlights:Eight-member gang arrested for stealing 20 tonnes of crude oil from an underground HPCL pipeline in Rajasthan. Accused dug a three-foot-deep tunnel to reach the high-pressure pipeline and installed a valve to siphon crude oil. The stolen oil, worth around ₹10 lakh, was transported in two tankers and allegedly sold in Beawar. Gujarat ATS and Rajasthan Police launched the operation based on secret information and arrested all eight suspects. Police said the theft posed a serious risk of fire, explosions and public safety due to the high-pressure crude oil pipeline.

dot image
To advertise here,contact us
dot image