

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി. ശനിയാഴ്ച പുലര്‍ച്ചെ ഫ്‌ളോറസ് ദ്വീപിലുണ്ടായ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന് വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നാണ് പ്രധാനമായും തെരയുന്നത്. ആദ്യത്തെ ഭുചലനത്തിന് പിന്നാലെ ഏഴ് തുടര്‍ ചലനങ്ങളുണ്ടായി. 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും മൂന്ന് മണിക്കൂറിന് ശേഷം പിന്‍വലിച്ചു.
ഭൂചലന സമയത്തെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൗമെരെ തുറമുഖത്ത് നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളില്‍, ദ്വീപുകള്‍ക്കിടയിൽ സർവീസ് നടത്തുന്ന ഫെറിയില്‍ കയറാന്‍ കാത്തുനിന്ന യാത്രക്കാരുടെ മേലേക്ക് ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്നത് കാണാം. കപ്പലിലേക്കുള്ള നടപ്പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ചിലര്‍ കടലിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
ഫ്‌ളോറസ് ദ്വീപില്‍ പ്രാദേശിക സമയം അഞ്ച് മണിക്കാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായതെന്ന് ഇന്തോനേഷ്യന്‍ മെറ്റീരിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് ഏജന്‍സി അറിയിച്ചു. ആദ്യ ചലനമുണ്ടായതിന് പിന്നാലെ അതേ പ്രദേശത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവുമുണ്ടായി. തീരപ്രദേശത്തുള്ള ജനങ്ങളോട് സുരക്ഷിതമായിരിക്കാനുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളില്‍ കയറരുതെന്നാണ് പ്രധാന അറിയിപ്പ്. ദുരന്തത്തിന്റെ ആഘാതം അളക്കാനും മരണസംഖ്യ കൃത്യമായി രേഖപ്പെടുത്താനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗീകിയോ പ്രദേശത്ത് നിന്നും 2000ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്.
ഈസ്റ്റ് നുസാ തെങ്കാരാ പ്രിശ്യയിലെ സിറ്റി ഓഫ് എന്റീയുടെ വടക്ക് - വടക്ക് പടിഞ്ഞാറ് ഭാഗത്തായി 68കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ആശുപത്രികളില്‍ നിന്നും രോഗികളെ ഒഴിപ്പിക്കുന്നത് കാണാം. അത്യാവശ്യ ഘട്ടങ്ങളില്‍ താത്കാലിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജീകരിക്കാനായി കട്ടിലും ഐവി സ്റ്റാന്റുകളും ഓക്സിജന്‍ സിലിണ്ടറുകളും ഉള്‍പ്പെടെ പുറത്തെത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Content Highlights: The death toll from the earthquake in Indonesia has risen to 14. Rescue teams are continuing search operations for people believed to be trapped in affected areas