ഇന്തോനേഷ്യയിൽ ഭൂചലനം: മരണസംഖ്യ 47 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തകർന്നതും ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതുമാണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്

ഇന്തോനേഷ്യയിൽ ഭൂചലനം: മരണസംഖ്യ 47 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
dot image

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭൂചനത്തിൽ ഇതുവരെ 47 പേർ മരിച്ചു. ദേശീയ ദുരന്തനിവാരണ ഏജൻസിയായ ബിഎൻപിബിയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഇന്ന് പുലർച്ചെയാണ് 7.7 തീവ്രതയുള്ള ശക്തമായ ഭൂചലനവും ഡസൻ കണക്കിന് തുടർചലനങ്ങളും ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള നാഗെകിയോ മേഖലയിലേക്ക് ഇതുവരെ രക്ഷാസംഘങ്ങൾക്ക് എത്തിച്ചേരാനായിട്ടില്ലെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡുകൾ തകർന്നതും ആശയവിനിമയ സംവിധാനങ്ങൾ തടസ്സപ്പെട്ടതുമാണ് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങളിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായും പല റോഡുകളും മണ്ണിടിച്ചിലിൽ അടഞ്ഞതായും ബിഎൻപിബി മേധാവി സുഹര്യാന്റോ അറിയിച്ചിട്ടുണ്ട്.

പുലർച്ചെയുണ്ടായ ഭൂചലനത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ തീരപ്രദേശങ്ങളിൽ ഒരു മീറ്ററിൽ താഴെ ഉയരമുള്ള സുനാമി തിരമാലകൾ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഏർപ്പെടുത്തിയിരുന്ന സുനാമി മുന്നറിയിപ്പ് മൂന്ന് മണിക്കൂറിനുശേഷം അധികൃതർ പിൻവലിച്ചു. ഫ്ലോറസ് ദ്വീപിലെ സിക്ക റീജൻസിയിലെ പ്രധാന നഗരമായ മൗമെറെയിൽ രക്ഷാപ്രവർത്തകർ 20 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആറുപേർക്ക് പരിക്കേറ്റതായും രണ്ടുപേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും നഗരത്തിലെ രക്ഷാപ്രവർത്തന വിഭാഗം മേധാവി ഫത്തൂർ റഹ്മാനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഭൂചനത്തിൻ്റെ പ്രഭവകേന്ദ്രത്തോട് ചേർന്ന നാഗെകിയോയിലേക്കുള്ള മൊബൈൽ ഫോൺ സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. റോഡ് മാർഗം രക്ഷാസംഘങ്ങളെ എത്തിക്കാനുള്ള ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് പരാജയപ്പെട്ടതോടെ മറ്റൊരു സംഘം ഫെറിയിലൂടെ പ്രദേശത്തെത്താൻ ശ്രമിക്കുകയാണെന്നാണ് രക്ഷാപ്രവർത്തന വിഭാഗം മേധാവിയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നാഗെകിയോയിൽ ഏകദേശം 2,000 പേർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നാണ് ബിഎൻപിബി അറിയിച്ചത്. വീടുകൾ, ഗോഡൗണുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടക്കവും ഗതാഗതക്കുരുക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക കണക്കുകൾ പ്രകാരം 157 വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. 41 വീടുകൾക്ക് മിതമായ നാശനഷ്ടവും 148 വീടുകൾക്ക് നേരിയ കേടുപാടുകളും സംഭവിച്ചു. കൂടാതെ 87 സ്കൂളുകൾ, 18 ആരോഗ്യ സ്ഥാപനങ്ങൾ, അഞ്ച് ആരാധനാലയങ്ങൾ, ആറ് ഓഫീസ് കെട്ടിടങ്ങൾ എന്നിവയ്ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.

കിഴക്കൻ നുസ ടെങ്കാര, പടിഞ്ഞാറൻ നുസ ടെങ്കാര, ദക്ഷിണ സുലവേസിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി ബിഎൻപിബി അറിയിച്ചു. ചില പ്രദേശങ്ങളിൽ ഒരു മിനിറ്റോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഭൂമിക്കടിയില്‍ 15 കിലോമീറ്റര്‍ ആഴത്തിലാണ് ചലനമുണ്ടായതെന്ന് ഇന്തോനേഷ്യന്‍ മെറ്റീരിയോളജി ആന്‍ഡ് ജിയോഫിസിക്‌സ് ഏജന്‍സി അറിയിച്ചു. ആദ്യ ചലനമുണ്ടായതിന് പിന്നാലെ തുടർചലനങ്ങളുമുണ്ടായി. തീരപ്രദേശത്തുള്ള ജനങ്ങളോട് സുരക്ഷിതമായിരിക്കാനുള്ള മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച കെട്ടിടങ്ങളില്‍ കയറരുതെന്നാണ് പ്രധാന അറിയിപ്പ്. ദുരന്തത്തിന്റെ ആഘാതം അളക്കാനും മരണസംഖ്യ കൃത്യമായി രേഖപ്പെടുത്താനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നഗീകിയോ പ്രദേശത്ത് നിന്നും 2000ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നത്. ഈസ്റ്റ് നുസാ തെങ്കാരാ പ്രിശ്യയിലെ സിറ്റി ഓഫ് എന്റീയുടെ വടക്ക് - വടക്ക് പടിഞ്ഞാറ് ഭാഗത്തായി 68കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Content Highlights: The death toll from the powerful 7.7-magnitude earthquake in eastern Indonesia has risen to 47 as rescue teams continue operations amid landslides, blocked roads, and communication disruptions.

dot image
To advertise here,contact us
dot image