മാപ്പ് പറയാന്‍ വിസി തയ്യാറാവണം, ഇല്ലെങ്കില്‍ തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരും; കെഎസ്‌യു ജില്ലാ പ്രസിഡന്റ്

വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍

മാപ്പ് പറയാന്‍ വിസി തയ്യാറാവണം, ഇല്ലെങ്കില്‍ തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരും; കെഎസ്‌യു ജില്ലാ പ്രസിഡന്റ്
dot image

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍. വിസിയാണെന്ന ബോധമില്ലാതെ ആര്‍എസ്എസ് വേദികളില്‍ കയറിയിറങ്ങി രാജ്യത്തിന്റെ മതേതര നിലപാടുകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നും വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ വി സി തയ്യാറാവണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് പറഞ്ഞു. വിഷയത്തില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ വിസിയെ തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് മുന്നറിയിപ്പും കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Also Read:

'ഒരു സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആണ് താനെന്ന ബോധമില്ലാതെ ആര്‍എസ്എസ് വേദികളില്‍ കയറിയിറങ്ങി രാജ്യത്തിന്റെ മതേതര നിലപാടുകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ കേരളീയ പൊതുസമൂഹത്തിനാകമാനം അപമാനകരമാകുന്ന പ്രസ്താവനകളും നിലപാടുകളും സ്വീകരിച്ചു മുന്നോട്ട് പോകുന്ന കേരള വിസി മോഹനന്‍ കുന്നുമ്മേല്‍ വിവാദ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവണം… ഇല്ലെങ്കില്‍ തെരുവില്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന് കെഎസ്‌യു ഓര്‍മ്മിപ്പിക്കുകയാണ്…ശക്തമായ സമരവുമായി മുന്നോട്ട് പോകും..' ഗോപു നെയ്യാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കേരള വിസി മോഹനൻ കുന്നുമ്മലിന്റെ വിവാദപ്രസ്താവനയിൽ ഇതുവരേയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രതികരിച്ചിട്ടില്ല. രണ്ടുതവണ വിഷയത്തിൽ പ്രതികരണം തേടിയിട്ടും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. വിഷയത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം രംഗത്തെത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്നായിരുന്നു മുൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടത്. വിസിക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെയും തീരുമാനം. സർവകലാശാല ആസ്ഥാനത്തേക്ക് നാളെ എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തും.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഇന്നലെ എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകൾ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം മണിവിളയില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച 'സങ്കല്‍പ് 2026 യുവസംഗമ'ത്തിലാണ് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ വിവാദ പരാമര്‍ശം നടത്തിയത്. പരിപാടിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് മോഹനന്‍ കുന്നുമ്മല്‍ ആയിരുന്നു. മഹനീയ സദസ്സില്‍ വരാന്‍ കഴിഞ്ഞത് ഭാഗ്യമെന്നായിരുന്നു മോഹനന്‍ കുന്നുമ്മലിന്റെ പ്രതികരണം. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. 'വന്ദേമാതരം' എന്ന് പറഞ്ഞായിരുന്നു മോഹനന്‍ കുന്നുമ്മല്‍ പ്രസംഗം അവസാനിപ്പിച്ചത്.

Content Highlights: KSU District President Criticism Against Kerala University VC Mohanan Kunnummal

dot image
To advertise here,contact us
dot image