സയണിസ്റ്റ് ആക്രമണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരും: ഇസ്രയേലിന് ഇറാന്‍റെ ഭീഷണി

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയ നിലപാട് വ്യക്തമാക്കിയത്

dot image

ടെഹ്‌റാന്‍: ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് ഇറാന്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയ നിലപാട് വ്യക്തമാക്കിയത്. സയണിസ്റ്റ് ആക്രമണം തുടരുന്നതിനാല്‍ ഇറാന്‍ സായുധ സേനയില്‍ നിന്നും കൂടുതല്‍ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം മധ്യ ഇറാനിലെ ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലെ നാല് പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി അറിയിച്ചു. യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന കേന്ദ്രവും ഫ്യൂവല്‍ പ്ലേറ്റ് ഫാബ്രിക്കേഷന്‍ പ്ലാന്റും ഉള്‍പ്പെടുന്ന കേന്ദ്രങ്ങളാണിവയെന്നാണ് ഐഎഇഎ അറിയിച്ചത്.

ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ ഉള്ളയിടമാണ് ഇസ്ഫഹാന്‍. ഊര്‍ജ്ജോല്‍പാദനത്തിനാണ് ഇതെല്ലാം വികസിപ്പിക്കുന്നതെന്നാണ് ഇറാന്‍ അവകാശപ്പെടുന്നതെങ്കില്‍ ഇറാന്‍ രഹസ്യമായി ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നാണ് ഇസ്രായേലും പാശ്ചാത്യ ശക്തികളും ആരോപിക്കുന്നത്.

ഇസ്രയേലിന്റെ മൂന്നാമത്തെ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദം വ്യാജമാണെന്ന് പ്രതികരിച്ച് ഇസ്രയേല്‍ സൈനിക വക്താവ് അവിചായ് അദ്രയി രംഗത്തെത്തി. ഓപ്പറേഷന്‍ ആരംഭിച്ചത് മുതല്‍ 20 ഇറാന്‍ മിലിറ്ററി കമാന്‍ഡര്‍മാരെ വധിച്ചതായും സൈന്യം അവകാശപ്പെടുന്നുണ്ട്.

അതിനിടെ ഇറാനെതിരെ നിലപാട് കടുപ്പിക്കുകയാണ് ഇസ്രയേല്‍.മിസൈല്‍ ആക്രമണം തുടരുകയാണെങ്കില്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ കത്തുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രതികരിച്ചു. ആര്‍മി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പ്രതികരണം. ഇസ്രയേലി പൗരന്മാര്‍ക്കാര്‍ക്കെതിരെ നാശം വിതക്കുന്ന ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആയത്തുള്ള ഭരണകൂടത്തിലെ ലക്ഷ്യമിട്ടവരെയും ഞങ്ങള്‍ തകര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു. ടെഹ്‌റാനില്‍ നിന്നുള്ള ആണവ, ബാലിസ്റ്റിക് മിസൈലുകള്‍ ചെറുക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും രാജ്യം ആ ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്റെ അവകാശവാദം.

Content Highlights: Iran's president threatens Israel that 'more severe' response

dot image
To advertise here,contact us
dot image