1225 ലിറ്റര് കോട, 10 ലിറ്റര് ചാരായം, വാറ്റുപകരണങ്ങള് പിടിച്ചു; വയോധികന് അറസ്റ്റില്

വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് ലിറ്റർ ചാരായവുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ വീട്ടിൽ നിന്നാണ് വാറ്റുപകരണങ്ങളടക്കം കണ്ടെത്തിയത്

dot image

തിരുവനന്തപുരം: വെള്ളറടയിൽ 10 ലിറ്റർ ചാരായവും 1225 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. അമ്പൂരി കോവില്ലൂര് തേക്കുപാറ ചരുവിള പുത്തന്വീട്ടില് സത്യദാസാണ് (61) പിടിയിലായത്. വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് ലിറ്റർ ചാരായവുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ വീട്ടിൽ നിന്നാണ് വാറ്റുപകരണങ്ങളടക്കം കണ്ടെത്തിയത്.

വെള്ളറട ഗവ. യുപി സ്കൂളിനു സമീപം സ്കൂട്ടറിൽ ചാരായം വിൽക്കാൻ വേണ്ടി എത്തിയപ്പോഴാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ വീട്ടിൽ ചാരായം വാറ്റുന്നതായി വിവരം ലഭിച്ചത്. കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് താമസിക്കുന്ന വീടിന്റെ പിറകുവശത്ത് ആള്താമസമില്ലാത്ത പുരയിടത്തിലാണ് പ്രതി ചാരായം വാറ്റിയിരുന്നത്. കൊവിഡ് സമയത്ത് ആരംഭിച്ചതാണ് വാറ്റ്. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ 500 ലിറ്ററിന്റെ വാട്ടര് ടാങ്കിലും ബക്കറ്റുകളിലും കുടങ്ങളിലും കന്നാസുകളിലും സൂക്ഷിച്ചിരുന്ന കോടയും ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തുകയായിരുന്നു.

നെയ്യാറ്റിന്കര എക്സൈസ് പ്രിവന്റ് ഓഫിസര്മാരായ എസ്. ഷാജികുമാര്, കെ. ഷാജു എന്നിവരുടെ നേതൃത്വത്തില് സിവില് എക്സൈസ് ഓഫിസര്മാരായ പി.ശങ്കര്, എസ്.എസ്. സൂരജ്, അനീഷ് വി.ജെ, എച്ച്.ജി. അര്ജുന്, വിജേഷ്, വനിത സിവില് എക്സൈസ് ഓഫിസറായ രമ്യ സി.എസ് തുടങ്ങിയവരാണ് പരിശോധനയിൽ പങ്കെടുത്തത്.

dot image
To advertise here,contact us
dot image