
സിനിമകളുടെ ജയപരാജയങ്ങള്‍ക്കപ്പുറം ആസിഫ് അലി എന്ന നടനെ കുറിച്ച് എല്ലാവരും ഒരുപോലെ പറയുന്ന ഒരു വാചകമുണ്ട്, 'ആസിഫിന്റെ പെര്‍ഫോമന്‍സ് നിരാശപ്പെടുത്തിയില്ല' എന്നാണ് ആ വാചകം. എന്നാല്‍ പലപ്പോഴും ബോക്‌സ് ഓഫീസില്‍ അയാള്‍ക്ക് അടിപതറുന്ന കാഴ്ചകള്‍ തുടര്‍ന്നു. എന്നാല്‍ ഇന്ന് ആ കഥകള്‍ മാറിമറിയുകയാണ്. തുടര്‍ച്ചയായുള്ള ഹിറ്റുകള്‍. വരിവരിയായുള്ള 50 കോടി ക്ലബുകള്‍ എല്ലാം ആസിഫ് സ്വന്തമാക്കുന്നു. അപ്പോഴും അയാളിലെ അഭിനേതാവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ച കിഷ്‌കിന്ധാ കാണ്ഡത്തിനും രേഖാചിത്രത്തിനും ശേഷമെത്തുന്ന ആസിഫ് ചിത്രമായ സര്‍ക്കീട്ട് അതിന്റെ മികച്ച ഉദാഹരണമാണ്.
ഓരോ സിനിമയും മുന്‍പേ ഇറങ്ങിയ സിനിമകളുമായി ചേര്‍ത്തുവെക്കപ്പെടാനാകാത്ത തരത്തിലാണ് ആസിഫ് അലി തിരഞ്ഞെടുക്കുന്നത്. സര്‍ക്കീട്ടും അങ്ങനെ തന്നെയാണ്. ലെവല്‍ ക്രോസ്, തലവന്‍, രേഖാചിത്രം, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സീരിയസ് ആയ കഥാപാത്രങ്ങള്‍ക്ക് ശേഷം ആസിഫ് തിരഞ്ഞെടുത്തത് താമര്‍ എന്ന സംവിധായകനെയാണ്. തുടര്‍ച്ചയായി വിജയങ്ങള്‍ പക്കലിരിക്കെ വലിയ ബാനറുകളെയും സംവിധായകരെയും തേടി ആസിഫിന് പോകാമായിരുന്നു. എന്നാല്‍ അവിടെയും ആസിഫിലെ അഭിനേതാവ് തന്റെ ചോയ്സുകള്‍ കൊണ്ട് ഞെട്ടിക്കുകയാണ്.
സര്‍ക്കീട്ടിലെ ആമിര്‍ ഒരു സാധാരണക്കാരനാണ്. സ്വന്തം നാടും വീടും വിട്ടു അന്യദേശത്തെത്തി തനിക്കായി ഒരിടം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന അനേകം പ്രവാസി മലയാളികളെ ആസിഫ് ഈ സിനിമയിലൂടെ സ്‌ക്രീനിലെത്തിച്ചു. ഇമോഷണല്‍ സീനുകള്‍ ചെയ്യുമ്പോള്‍ ആസിഫിലെ അഭിനേതാവില്‍ കയറിക്കൂടുന്ന ഒരു കയ്യടക്കമുണ്ട്. ഉള്ളിലെ ദുഃഖത്തെ ഒട്ടും പിടിച്ചുവക്കാതെ, എന്നാല്‍ അതിഭാവുകത്വം ഇല്ലാതെ ആസിഫ് പുറത്തേക്ക് വിടും. കാണുന്നവന്റെ ഉള്ളുകലക്കുന്ന പ്രകടനം. സര്‍ക്കീട്ടിലും അത്തരം നിരവധി നിമിഷങ്ങളുണ്ട്. പ്രവാസികള്‍ക്ക് മാത്രമല്ല, ഏതൊരു മിഡില്‍ ക്ലാസ് മലയാളിക്കും ആസിഫിന്റെ ആമിര്‍ നെഞ്ചില്‍ തറക്കും.
കിഷ്‌കിന്ധാ കാണ്ഡത്തിലെ അജയചന്ദ്രനും രേഖാചിത്രത്തിലെ വിവേകുമായി യാതൊരു താരതമ്യത്തിനും സര്‍ക്കീട്ടിലെ ആമിര്‍ അവസരം നല്‍കുന്നില്ല. 27 വയസുകാരന്‍ ആമിറാകുമ്പോള്‍ ആ പ്രായത്തിലെ വ്യാകുലതകള്‍ എല്ലാം അയാളുടെ മുഖത്ത് വ്യക്തമാണ്. തന്നെ ഒരു പരിധിക്കുള്ളില്‍ തളച്ചിടരുത് എന്ന ആസിഫിന്റെ ആഗ്രഹം സര്‍ക്കീട്ടിലും കാണാം. രേഖാചിത്രവും കിഷ്‌കിന്ധാ കാണ്ഡവും പോലെ വമ്പന്‍ വിജയങ്ങളാല്‍ മുന്നോട്ട് കുതിക്കുന്ന ഒരു അഭിനേതാവിന് ഉറപ്പായും ബോക്‌സ് ഓഫീസ് നമ്പറുകള്‍ മാത്രം മുന്നില്‍ കണ്ടുള്ള സിനിമകളിലേക്ക് പോകാമായിരുന്നു. എന്നാല്‍ തന്നിലെ അഭിനേതാവിനെ അടിയറവ് വെക്കാതെയാണ് അദ്ദേഹത്തിന്റെ സെലക്ഷനുകള്‍.
മോഹന്‍ലാല്‍ ചിത്രമായ വില്ലനിലെ ഹോസ്പിറ്റല്‍ സീന്‍ ഓര്‍ക്കുന്നില്ലേ? ഉള്ളില്‍ വേദനയും വിഷമവും ഭാര്യയോടുള്ള പ്രണയവുമൊക്കെ കൂടിക്കലര്‍ന്ന, അവരെ കൊല്ലാന്‍ തുനിയുന്ന ആ മൊമെന്റ്. ചിരിച്ചുകൊണ്ട് കരയുന്ന മോഹന്‍ലാലിന്റെ പ്രകടനം ആര്‍ക്കാണ് മറക്കാനാകുക. സര്‍ക്കീട്ടിലുമുണ്ട് അത്തരമൊരു രംഗം. ആസിഫിലെ അഭിനേതാവ് എത്രത്തോളം മുന്നോട്ടെത്തി എന്നതിന്റെ തെളിവായി ആ സീന്‍ അവശേഷിക്കും.
വിജയപരാജയങ്ങളും ബോക്‌സ് ഓഫീസ് നമ്പറുകളുമെല്ലാം ഓരോ വെള്ളിയാഴ്ചകള്‍ കഴിയുമ്പോള്‍ മാറിമറിയും 'ഹിറ്റോ ഇത് വേറെ കരയാ മോനെ' എന്ന ആസിഫിനെക്കുറിച്ച് കളിയാക്കിയവര്‍ തന്നെ ഇന്ന് അയാളുടെ സിനിമകള്‍ ആഘോഷിക്കുന്നു. 'ഇനി ഒന്നേന്ന് തുടങ്ങാം, ആ വഴിയെനിക്ക് അറിയാം' എന്ന് ആസിഫ് പറഞ്ഞത് ശരിയാകുകയാണ്. ഇത് ആസിഫിന്റെ പുതിയ ഫേസ് ആണ്. മുന്‍ സിനിമകളെ വെല്ലുന്ന പ്രകടനവുമായി അയാള്‍ ഇനിയും വരും. ആസിഫ് ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് വിമര്‍ശകരെക്കൊണ്ട് വീണ്ടും വീണ്ടും പറയിപ്പിക്കുകയും ചെയ്യും.
Content Highlights: Asif Ali hattrick with sarkeet