മാഡ്രിഡിനും എംബാപ്പെയ്ക്കും മുന്നില്‍ 'കാല്‍മ സെലിബ്രേഷന്‍'; ഗോളടിച്ച ശേഷം റൊണാള്‍ഡോയെ അനുകരിച്ച് യമാല്‍

32-ാം മിനിറ്റിലായിരുന്നു യമാല്‍ ബാഴ്‌സയുടെ സമനില ഗോള്‍ നേടിയത്

dot image

ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനെതിരായ എല്‍ ക്ലാസികോ പോരാട്ടത്തിനിടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിച്ച് ബാഴ്‌സയുടെ യുവതാരം ലാമിന്‍ യമാല്‍. ആദ്യ പകുതിയില്‍ ബാഴ്‌സയുടെ സമനില ഗോള്‍ നേടിയതിന് ശേഷമായിരുന്നു സംഭവം. ഗോളിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഐക്കോണിക്കായ 'കാല്‍മ സെലിബ്രേഷനാ'ണ് യമാല്‍ കാഴ്ച വെച്ചത്.

32-ാം മിനിറ്റിലായിരുന്നു യമാല്‍ ബാഴ്‌സയുടെ സമനില ഗോള്‍ നേടിയത്. ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം എറിക് ഗാര്‍ഷ്യയാണ് ബാഴ്‌സയ്ക്ക് വേണ്ടി ആദ്യം ഗോള്‍ മടക്കിയത്, പിന്നാലെ യമാലും റയലിന്റെ വലകുലുക്കി.

ആവേശകരമായ ഗോളിന് ശേഷം കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് ഓടിച്ചെന്ന ശേഷമായിരുന്നു യമാലിന്റെ സെലിബ്രേഷന്‍. റയലിന്റെ ഇതിഹാസ താരമായിരുന്ന റൊണാള്‍ഡോയുടെ ആധിപത്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന വൈറല്‍ സെലിബ്രേഷനാണ് 'കാല്‍മ'. റയലില്‍ തന്നെ എംബാപ്പെയും ഇതേ സെലിബ്രേഷന്‍ അനുകരിച്ചിട്ടുണ്ട്. എന്തായാലും എംബാപ്പെയ്ക്കും റയലിനുമുള്ള മറുപടിയായാണ് യമാല്‍ റൊണാള്‍ഡോയുടെ സെലിബ്രേഷന്‍ അനുകരിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ആവേശകരമായ പോരാട്ടത്തില്‍ ബാഴ്‌സ വിജയം സ്വന്തമാക്കുകയായിരുന്നു. ഒളിംപിക് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിനെ ബാഴ്സ കീഴടക്കിയത്. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് ബാഴ്‌സ വിജയം പിടിച്ചെടുത്തത്. ആദ്യ പകുതി തീര്‍ന്നപ്പോള്‍ രണ്ട് ഗോളിന്റെ ലീഡ് വഴങ്ങിയ റയല്‍ രണ്ടാം പകുതിയില്‍ സമനില പിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. റയലിന് വേണ്ടി സ്റ്റാര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഹാട്രിക്ക് നേടിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ബാഴ്സക്കായി റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടി തിളങ്ങി.

ഈ വിജയത്തോടെ ലാ ലിഗ കിരീടത്തിലേക്ക് ബാഴ്സ അടുത്തു. 35 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുകളാണ് ബാഴ്സയുടെ സമ്പാദ്യം. 75 പോയിന്റുമായി രണ്ടാമതുള്ള റയലിനേക്കാള്‍ ഏഴ് പോയിന്റ് മുന്നിലാണ് ബാഴ്സ. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം കൂടി നേടിയാല്‍ അവര്‍ക്ക് ലാ ലിഗ ചാമ്പ്യന്മാരാകാം.

Content Highlights: Lamine Yamal hits Ronaldo's calma celebration after scoring vs Real Madrid

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us