ലാലേട്ടനോ അതോ മമ്മൂക്കയോ, വാട്സാപ്പ് ചാനലിൽ മുന്നിലാര്?

ഫോളോവേഴ്‌സിന്റെ കാര്യത്തിൽ ഇരുവരും ഒട്ടും പിന്നിലല്ല
ലാലേട്ടനോ അതോ മമ്മൂക്കയോ, വാട്സാപ്പ് ചാനലിൽ മുന്നിലാര്?

വാട്ട്‌സ്ആപ്പിലെ പുത്തൻ അപ്‌ഡേറ്റായ വാട്സാപ്പ് ചാനൽ തരംഗമാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉൾപ്പടെയുള്ള പ്രമുഖർ വാട്ട്‌സ്ആപ്പ് ചാനൽ തുടങ്ങിക്കഴിഞ്ഞു. നടൻമാരായ മമ്മൂട്ടിയും മോഹൻലാലും വാട്ട്‌സ്ആപ്പ് ചാനൽ തുടങ്ങിയ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രേക്ഷകരെ അറിയിച്ചത്. ഫോളോവേഴ്‌സിന്റെ കാര്യത്തിൽ ഇരുവരും ഒട്ടും പിന്നിലല്ല. താരതമ്യം ചെയ്യുമ്പോൾ ഒരാൾ അൽപ്പം മുന്നിലാണെന്ന് മാത്രം.

ഇപ്പോൾ 7.97 ലക്ഷം ആളുകളാണ് മമ്മൂട്ടിയുടെ ചാനൽ പിന്തുടരുന്നത്. 9.25 ലക്ഷം പേർ മോഹൻലാലിനെ പിന്തുടരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ 51 ലക്ഷം ആളുകളാണ് വാട്ട്‌സ്ആപ്പ് ചാനലിൽ പിന്തുടരുന്നത്. അക്ഷയ് കുമാറിനെ 41 ലക്ഷം പേർ ഫോളോ ചെയ്യുമ്പോൾ കത്രീന കൈഫിനെ 84 ലക്ഷം പേരാണ് പിന്തുടരുന്നത്.

ഇന്ത്യ അടക്കം 150 ലധികം രാജ്യങ്ങളിലാണ് വാട്ട്‌സ്ആപ്പ് ചാനലുകൾ ഔദ്യോഗികമായി പുറത്തിറക്കിയത്. വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലിഗ്രാം ചാനലുകൾക്കും ഇൻസ്റ്റഗ്രാമിലെ ബ്രോഡ്‌കാസ്റ്റ് ചാനലുകള്‍ക്കും സമാനമായ ഫീച്ചറാണിത്.

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാൽ ഒരു വൺ-വേ കമ്മ്യൂണിക്കേഷൻ ടൂൾ ആയതിനാൽ ഉപയോക്താക്കൾക്ക് തിരികെ സന്ദേശം അയക്കാൻ സാധിക്കില്ല. ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും സ്റ്റിക്കറുകളും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ചാനലുകളിൽ നൽകിയിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് അവ നോട്ടിഫിക്കേഷനായി ലഭിക്കും.

ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനൽ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോൺ നമ്പർ അഡ്‌മിന് അറിയാനും സാധിക്കില്ല. ചാനലുകളിലെ സന്ദേശങ്ങൾക്ക് 30 ദിവസം മാത്രമാണ് ആയുസ്സ്. അതിന് ശേഷം ആ സന്ദേശങ്ങൾ സ്വയമേ നീക്കം ചെയ്യപ്പെടും.

വാട്ട്‌സ്ആപ്പിലെ അപ്ഡേറ്റ്സ് എന്ന ടാബിലാണ് ചാനലുകൾ കാണാന്‍ സാധിക്കുന്നത്. സ്റ്റാറ്റസ് എന്ന ഓപ്‌ഷനും ഈ ടേബിൾ തന്നെയാണ് കാണാൻ കഴിയുക. ഉപയോക്താക്കൾക്ക് ജോയിൻ ചെയ്യാൻ ആഗ്രഹമുള്ള ചാനലുകൾ ആ ടാബിൽ സെർച്ച് ചെയ്യാനും സാധിക്കും. ഫോളോ ചെയ്ത ചാനലുകളിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അൺഫോളോ ചെയ്യാനുള്ള ഓപ്‌ഷനുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com