
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി തങ്ങൾക്ക് ലഭിച്ച ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്നും രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയി എന്നും ഇന്ത്യൻ എയർഫോഴ്സ്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് വായുസേന ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻ ഇപ്പോഴും തുടരുന്ന സാഹചര്യമായതിനാൽ ഊഹാപോഹങ്ങൾക്ക് പുറകെ പോകരുത് എന്നും സൈനിക നടപടിയുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ മാധ്യമങ്ങൾ നൽകരുത് എന്നും വായുസേന ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ഡല്‍ഹിയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംയുക്തസേനാ മേധാവിയും മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. ഇന്ത്യ-പാക് DGMO തല ചർച്ച നാളെയാണ് നടക്കുക.
The Indian Air Force (IAF) has successfully executed its assigned tasks in Operation Sindoor, with precision and professionalism. Operations were conducted in a deliberate and discreet manner, aligned with National Objectives.
— Indian Air Force (@IAF_MCC) May 11, 2025
Since the Operations are still ongoing, a detailed…
ഇരു രാജ്യങ്ങളും വെടിനിർത്തൽ സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി സർവ്വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. ആദ്യം വാഷിംഗ്ടണ്‍ ഡിസിയും പിന്നീട് കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ധാരണയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നുമാണ് ജയറാം രമേശ് ആവശ്യപ്പെട്ടത്.
'അമേരിക്കന്‍ ഇടപെടല്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇന്ത്യാ-പാക് തര്‍ക്കത്തില്‍ മൂന്നാം കക്ഷിയെ ഇടപെടലിന് രാജ്യം അനുവദിച്ചോ എന്നത് വ്യക്തമാക്കണം. പാകിസ്താനുമായി നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നുണ്ടോ എന്നത് വ്യക്തമാക്കണം. 1971 ല്‍ ഇന്ദിരാഗാന്ധി കാണിച്ച ധൈര്യവും ദൃഡനിശ്ചയവും ഓര്‍ക്കുന്നു', ജയറാം രമേശ് പറഞ്ഞു.
ഇന്നലെ വൈകീട്ടോടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയും പാകിസ്താനും വെടിനിർത്താൻ ധാരണയുണ്ടാക്കിയതായി അറിയിച്ച് രംഗത്തുവന്നത്. വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചെന്ന് വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെ ഡി വാൻസും രംഗത്ത് എത്തിയിരുന്നു. വൈകീട്ട് നടന്ന വാർത്താ സമ്മേളനത്തില്‍ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇത് സ്ഥിരീകരിച്ചിരുന്നു.
Content Highlights: 'operation sindoor ongoing and airforce did their duty'; tweeted airforce