
ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ ഉടനെ പുനരാരംഭിക്കാൻ ബിസിസിഐ. പഞ്ചാബ് കിങ്സ് ഒഴികെയുള്ള എല്ലാ ഐപിഎൽ ടീമുകളോടും ചൊവ്വാഴ്ചയോടെ അവരുടെ ഹോം വേദിയിലേക്ക് മുഴുവൻ താരങ്ങളെയും എത്തിക്കാനാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎല്ലിൽ 17 മത്സരങ്ങളാണ് അവശേഷിക്കുന്നത്. അതിൽ പ്ലേ ഓഫിന് മുമ്പുള്ള 13 മത്സരങ്ങൾ ഒരു ദിവസം രണ്ട് മത്സരങ്ങളെന്ന രീതിയിൽ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. അങ്ങനെയെങ്കിൽ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 25ന് ഐപിഎൽ പൂർത്തികരിക്കാൻ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
ഐപിഎൽ ഉടൻ തന്നെ പുനരാരംഭിക്കാൻ കഴിയുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 'അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സ്ഥിതിക്ക്, ഐപിഎൽ പുനരാരംഭിക്കുവാനും പൂർത്തിയാക്കുവാനും ഉടൻ തന്നെ തീരുമാനമെടുക്കേണ്ടതുണ്ട്. അതിനായി വേദികൾ, തീയതികൾ എന്നിവയെല്ലാം നിശ്ചയിക്കണം. ടീം ഉടമകൾ, മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണ അവകാശമുള്ളവർ തുടങ്ങി ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാവരുമായി സംസാരിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി കേന്ദ്ര സർക്കാരുമായി ഐപിഎൽ പുനരാരംഭിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യണം,' അരുണ്‍ ധുമാല്‍ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
ഐപിഎൽ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുത്തിരിക്കെയാണ് ടൂർണമെന്റ് നിർത്തലാക്കേണ്ടി വന്നത്. 11 മത്സരങ്ങളിൽ നിന്നായി 16 പോയിന്റ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഒന്നാമതും സമാനസ്ഥിതിയിലുള്ള റോയൽ ചലഞ്ചേഴ്സ് രണ്ടാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളിൽ നിന്നായി 15 പോയിന്‍റുള്ള പഞ്ചാബ് മൂന്നാം സ്ഥാനത്തും 12 മത്സരങ്ങളിൽ നിന്നായി 14 പോയിന്‍റുള്ള മുംബൈ ഇന്ത്യൻസ് നാലാമതുമുണ്ട്.
13 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റൽസിനും 11 പോയന്‍റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും 10 പോയിന്‍റുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിനും പ്ലേ ഓഫ് സാധ്യകൾ നിലനിൽക്കുന്നു. ഏഴ് പോയിന്‍റ് മാത്രമുള്ള ഹൈദരാബാദും ആറ് പോയിന്‍റ് വീതമുള്ള രാജസ്ഥാനും ചെന്നൈയും പ്ലേ ഓഫിലെത്താതെ പുറത്തായി.
Content Highlights: BCCI plans double headers in the revised schedule