
ന്യൂഡല്ഹി: അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിക്കുന്ന ഇന്ത്യന് ക്യാപ്റ്റന് സുനില് ഛേത്രിക്ക് ആശംസകള് അറിയിച്ച് ക്രൊയേഷ്യന് ക്യാപ്റ്റന് ലൂക്ക മോഡ്രിച്ച്. കുവൈത്തിനെതിരെ ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഛേത്രി അവസാനമായി നീലക്കുപ്പായം അണിയുക. താരത്തിന്റെ വിടവാങ്ങല് മത്സരത്തിന് മുന്നോടിയായാണ് റയല് മാഡ്രിഡിന്റെ മധ്യനിര താരവും ബലോന് ദ് ഓര് ജേതാവുമായ മോഡ്രിച്ച് ഛേത്രിക്ക് ആശംസകള് അറിയിച്ച് വീഡിയോ സന്ദേശം അയച്ചത്.
'സുനില്, ഇന്ത്യന് ദേശീയ ടീമിനൊപ്പമുള്ള നിങ്ങളുടെ അവസാന മത്സരത്തിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങള് ഫുട്ബോളിലെ ഒരു ഇതിഹാസമാണ്. ഇനി പറയാനുള്ളത് ഛേത്രിയുടെ സഹതാരങ്ങളോടാണ്. നിങ്ങളുടെ ക്യാപ്റ്റന്റെ അവസാന മത്സരം നിങ്ങള് അവിസ്മരണീയമാക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ക്യാപ്റ്റന് വേണ്ടി മത്സരം വിജയിക്കൂ, ആശംസകള്',, മോഡ്രിച്ച് വീഡിയോയില് പറഞ്ഞു.
ഇന്ത്യന് ഫുട്ബോള് ടീമിന്റെ പരിശീലകനായ ഇഗോര് സ്റ്റിമാക്കാണ് മോഡ്രിച്ചിന്റെ ആശംസാവീഡിയോ സോഷ്യല് മീഡിയയില് പങ്കുവെച്ചത്. 'നന്ദി ലൂക്ക, ഞങ്ങളുടെ രാജ്യത്തിനും ക്യാപ്റ്റനും അഭിമാനിക്കാൻ ഞങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യും' സ്റ്റിമാക് വീഡിയോയുടെ ക്യാപ്ഷനായി കുറിച്ചു.
Thank you Luka 💙
— Igor Štimac (@stimac_igor) June 5, 2024
We will do everything in our power to make our country and our captain proud 🇮🇳 @lukamodric10 @chetrisunil11 @IndianFootball pic.twitter.com/eHPyPfnToi
മേയ് 16നാണ് സുനില് ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളില് നിന്ന് വിരമിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തോടെയാണ് ഛേത്രി നീല ജഴ്സി ഊരിവയ്ക്കുക. ഇന്ത്യന് ഫുട്ബോളിന്റെ മെക്കയെന്ന് അറിയപ്പെടുന്ന കൊല്ക്കത്ത സാള്ട്ട് ലേക്ക് സ്റ്റേഡിയത്തില് രാത്രി ഏഴ് മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന ആവേശപ്പോരാട്ടം.