
മേജർ ലീഗ് സോക്കർ ഫുട്ബോൾ ലീഗിൽ ചരിത്രമെഴുതി ഇതിഹാസ താരം ലയണൽ മെസ്സി. തുടർച്ചയായി നാല് എംഎൽഎസ് മത്സരങ്ങളിൽ ഒന്നിലധികം ഗോൾ നേടിയ ചരിത്രത്തിലെ ആദ്യ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത്. മെയ് 29ന് നടന്ന മൊൺട്രീലിനെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി മെസ്സി ചരിത്ര നേട്ടത്തിലേക്ക് കാൽവെച്ചു. പിന്നാലെ കൊളംബസിനെതിരെയും കഴിഞ്ഞ മത്സരത്തിൽ വീണ്ടും മൊൺട്രീലിനെതിരെയും മെസ്സി ഇരട്ട ഗോൾ നേടി. ഇന്ന് നടന്ന മത്സരത്തിൽ ന്യൂ ഇംഗ്ലണ്ടിനെതിരെയും മെസ്സി ഇരട്ട ഗോൾ നേട്ടം ആവർത്തിച്ചതോടെയാണ് ചരിത്ര നേട്ടം സ്വന്തമായത്.
ഡിബോക്സിന് പുറത്തുനിന്ന് 100 ഓപൺപ്ലേ ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായെന്നതാണ് ഇന്ന് മെസ്സി നേടിയ മറ്റൊരു നേട്ടം. കരിയറിലാകെ 870 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. കുറഞ്ഞ മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോർഡും മെസ്സിക്ക് സ്വന്തമായി. 1111 മത്സരങ്ങളിൽ നിന്നാണ് മെസ്സിയുടെ നേട്ടം. കഴിഞ്ഞ അഞ്ച് മേജർ ലീഗ് മത്സരങ്ങളിൽ ഇന്റർ മയാമിക്കായി ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളുമാണ് മെസ്സിയുടെ സംഭാവന.
ഇന്ന് നടന്ന ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. ന്യൂ ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിരോധ പിഴവ് മുതലെടുത്ത മെസ്സി അനായാസം പന്ത് വലയിലാക്കി. പിന്നാലെ 38-ാം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ഗോൾ നേടി. ഇത്തവണ സെർജിയോ ബുസ്കെറ്റ്സ് നൽകിയ ലോങ് പാസ് തകർപ്പൻ ഫിനിഷിങ്ങിലൂടെ മെസ്സി വലയിലാക്കുകയായിരുന്നു. 80-ാം മിനിറ്റിൽ കാൾസ് ഗിൽ ന്യൂ ഇംണ്ടിനായി ആശ്വാസ ഗോൾ നേടി. അവശേഷിച്ച സമയത്ത് സമനില ഗോളിനായി ന്യൂ ഇംഗ്ലണ്ട് താരങ്ങൾ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതോടെ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി വിജയം സ്വന്തമാക്കി.
മേജർ ലീഗ് സോക്കറിൽ 18 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങൾ നേടിയ ഇന്റർ മയാമി 35 പോയിന്റുകൾ നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ മൂന്ന് മത്സരങ്ങളിൽ മയാമി സംഘം പരാജയപ്പെട്ടു. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മയാമിയുടെ സ്ഥാനം.
Content Highlights: Lionel Messi creates history, scores multiple goals in four consecutive MLS matches