
മേജർ ലീഗ് സോക്കർ ഫുട്ബോൾ ലീഗിൽ വീണ്ടും മെസ്സി മാജിക്. തുടർച്ചയായ നാലാം എംഎൽഎസ് മത്സരത്തിലും ഇരട്ടഗോളുകളുമായി ഇതിഹാസതാരം കളം നിറഞ്ഞപ്പോൾ ഇന്റർ മയാമിക്ക് വീണ്ടും വിജയം. ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്റർ മയാമിയുടെ വിജയം. രണ്ട് ഗോളുകളും പിറന്നത് സൂപ്പർതാരം ലയണൽ മെസ്സിയുടെ പാദങ്ങളിൽ നിന്നാണ്.
മത്സരത്തിന്റെ 27-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ പിറന്നത്. ന്യൂ ഇംഗ്ലണ്ട് താരങ്ങളുടെ പ്രതിരോധ പിഴവ് മുതലെടുത്ത മെസ്സി അനായാസം പന്ത് വലയിലാക്കി. പിന്നാലെ 38-ാം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ഗോൾ നേടി. ഇത്തവണ സെർജിയോ ബുസ്കെറ്റ്സ് നൽകിയ ലോങ് പാസ് തകർപ്പൻ ഫിനിഷിങ്ങിലൂടെ മെസ്സി വലയിലാക്കുകയായിരുന്നു. 80-ാം മിനിറ്റിൽ കാൾസ് ഗിൽ ന്യൂ ഇംണ്ടിനായി ആശ്വാസ ഗോൾ നേടി. അവശേഷിച്ച സമയത്ത് സമനില ഗോളിനായി ന്യൂ ഇംഗ്ലണ്ട് താരങ്ങൾ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതോടെ നിശ്ചിത സമയം പൂർത്തിയാകുമ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർ മയാമി വിജയം സ്വന്തമാക്കി.
മേജർ ലീഗ് സോക്കറിൽ 18 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങൾ നേടിയ ഇന്റർ മയാമി 35 പോയിന്റുകൾ നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ മൂന്ന് മത്സരങ്ങളിൽ മയാമി സംഘം പരാജയപ്പെട്ടു. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് മയാമിയുടെ സ്ഥാനം.
Content Highlights: Lionel Messi double strikes again, Inter Miami won