
റയൽ മാഡ്രിഡിനെതിരെ ഫിഫ ക്ലബ് വേൾഡ് കപ്പിലെ വമ്പൻ സെമി വിജയത്തിന് ശേഷം പ്രതികരണവുമായി പി എസ് ജി പരിശീലകൻ ലൂയീസ് എൻറിക്വ. റയൽ പരിശീലകൻ സാബി അലോൺസോയ്ക്കെതിരെയുള്ള വിമർശനങ്ങളെ തള്ളിയ എൻറിക്വ അദ്ദേഹത്തിന് പിന്തുണയും അറിയിച്ചു.
'ലെവർകൂസനൊപ്പവും മറ്റും മികവ് തെളിയിച്ച പരിശീലകനാണ് സാബി, പെട്ടെന്ന് തന്നെ ഒരു ടീമിനൊപ്പം ചേർന്ന് റിസൾട്ടുണ്ടാക്കാൻ കഴിയില്ല, പി എസ് ജിക്കൊപ്പം കഴിഞ്ഞ രണ്ട് വർഷത്തോളമായി ഞാനുണ്ട്, ആ വ്യത്യാസം മത്സര ഫലത്തിലുണ്ടാകുമെന്നും എൻറിക്വ പ്രതികരിച്ചു.
ഫിഫ ക്ലബ് വേൾഡ് കപ്പിൽ പി എസ് ജിയോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ സാബി അലോൺസോയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഈ സീസണിനൊടുവിലാണ് സാബി പരിശീലകനായി എത്തുന്നത്.
അതേ സമയം ഇന്ന് നടന്ന സെമി പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ചാമ്പ്യൻസ് ലീഗ് ജേതാക്കൾ നടത്തിയത്.
പി എസ് ജിക്കായി ഫാബിയൻ റൂയിസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഒസ്മാൻ ഡെംബെലെ, ഗൊൺസാലോ റാമോസ് എന്നിവർ ഓരോ ഗോളുകൾ വീതവും വലയിലാക്കി.
ജൂലൈ 14ന് ഇന്ത്യൻ സമയം രാത്രി 12.30നാണ് ക്ലബ് ലോകകപ്പിൽ ഫൈനൽ മത്സരം നടക്കുക. യൂറോപ്യൻ ഫുട്ബോളിന്റെ ചാംപ്യന്മാർ കൂടിയായ പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്നത് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയാണ്.
Content Highlights: Luis Enrique full of support for Xabi Alonso