മെഡല്‍വേട്ട തുടങ്ങി ഇന്ത്യ, വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി, റോവിങ്ങില്‍ വെങ്കലം

റോവിങ്ങില്‍ ഇന്ത്യയുടെ സത്‌നം സിങ്ങും സല്‍മാന്‍ ഖാനും വെങ്കലം നേടി

മെഡല്‍വേട്ട തുടങ്ങി ഇന്ത്യ, വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി, റോവിങ്ങില്‍ വെങ്കലം
dot image

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ വുഷു സാന്‍ഡാ 60 കിലോഗ്രാം വിഭാഗം ഫൈനലില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വുഷു താരം റോഷിബിന ദേവി തുടര്‍ച്ചയായ രണ്ടാം ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ സ്വന്തമാക്കി. സ്വര്‍ണ മെഡലിനായുള്ള കലാശപ്പോരാട്ടത്തില്‍ ചൈനയുടെ ഴാങ് ഷിയാവോയുവിനോട് നേരിട്ടുള്ള റൗണ്ടുകള്‍ക്ക് തോറ്റതോടെയാണ് മണിപ്പൂരില്‍ നിന്നുള്ള 25-കാരിയായ റോഷിബിന വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. മത്സരത്തിന്റെ ഇരു റൗണ്ടുകളിലും 0-5 എന്ന സ്‌കോര്‍ ലൈനിലാണ് റോഷിബിന പരാജയപ്പെട്ടത്. ഇതോടെ ചൈനീസ് എതിരാളി 2-0 ന് മത്സരം സ്വന്തമാക്കുകയായിരുന്നു.

ബുധനാഴ്ച നാഗോയയിലെ ഐച്ചി ബുഡോക്കാനില്‍ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ താനിയ കുസുമാനിങ്ത്യാസിനെ പരാജയപ്പെടുത്തിയാണ് റോഷിബിന ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസ് വുഷു ചരിത്രത്തില്‍ രണ്ടുതവണ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ നേട്ടവും റോഷിബിന സ്വന്തമാക്കി. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും 2023 ഹാംഗ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിയ റോഷിബിന, ഏഷ്യന്‍ ഗെയിംസിന്റെ തുടര്‍ച്ചയായ മൂന്ന് പതിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വുഷു താരം കൂടിയാണ്.

പുരുഷന്മാരുടെ ഡബിള്‍ സ്‌കള്‍സ് റോവിങ്ങ് ഫൈനലില്‍ ഇന്ത്യന്‍ ജോഡികളായ സത്‌നാം സിംഗും സല്‍മാന്‍ ഖാനും വെങ്കല മെഡല്‍ സ്വന്തമാക്കി. ഇന്ത്യന്‍ സഖ്യം 6:22.31 സമയം കുറിച്ചാണ് മൂന്നാം സ്ഥാനത്തെത്തി മെഡല്‍ ഉറപ്പിച്ചത്. പോരാട്ടത്തില്‍ ചൈനീസ് ജോഡികള്‍ ഫിനിഷിങ് ലൈന്‍ ആദ്യം കടന്ന് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍, ഉസ്‌ബെക്കിസ്ഥാന്‍ ജോഡികള്‍ വെള്ളി മെഡല്‍ നേടി. മറ്റൊരു മത്സരത്തില്‍, പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ ബല്‍രാജ് പന്‍വാറിന് മെഡല്‍ നേടാനായില്ല. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും നാലാം സ്ഥാനത്താണ് ബല്‍രാജ് ഫിനിഷ് ചെയ്തത്. 6:58.20 സമയത്തിലാണ് ബല്‍രാജ് മത്സരം പൂര്‍ത്തിയാക്കിയത്.

content highlights: India's Medal Haul Continues: Roshibina Devi Bags Silver in Wushu, Bronze in Rowing

dot image
To advertise here,contact us
dot image