

മൈക്കൽ ഷൂമാക്കറിന്റെയും അയർട്ടൻ സെന്നയുടെയും ലൂയിസ് ഹാമിൽട്ടണിന്റെയും സെബാസ്റ്റ്യൻ വെറ്റലിന്റെയുമൊക്കെ അതിവേഗപ്പാച്ചിലുകൾ കണ്ടിട്ടുള്ള ഫോർമുല വൺ കാറോട്ടമത്സരത്തിന്റെ ഏറ്റവും പുതിയ പതിപ്പിൽ വിസ്മയമാകുകയാണ് ഇറ്റലിക്കാരനായ പത്തൊമ്പതുകാരൻ ആന്ദ്രേ കിമി ആന്റോണെല്ലി. എഫ് വൺ 2026 സീസണിൽ തുടർച്ചയായി നാലാം ഗ്രാൻപ്രീയും ജയിച്ചുകയറിയ കിമി സീസണിലെ കിരീടപ്പോരിലും കുതിക്കുകയാണ്.
കാനഡ ഗ്രാൻപ്രീയിലായിരുന്നു അവസാന ജയം. ചൈനയിലും ജപ്പാനിലും മിയാമിയിലും ഒന്നാമതെത്തിയ മെഴ്സിഡസ് താരം മോൺട്രിയലിൽ മത്സരിക്കാനിറങ്ങുമ്പോൾ പോരാട്ടം മെഴ്സിഡസിന്റെ താരങ്ങൾ തമ്മിലായിരുന്നു.. ആൻ്റോണെല്ലിയുടെ സഹതാരമായിരുന്ന ജോർജ് റസലാണ് ഒന്നാം സ്ഥാനമായ പോൾ പൊസിഷനിൽ നിന്ന് കാറോടിച്ച് തുടങ്ങിയത്. വെള്ളിയാഴ്ച നടന്ന ക്വാളിഫയിങ് റേസിൽ ആന്റോണെല്ലിയെ മറികടന്ന് ഒന്നാമതെത്തിയത് റസലായിരുന്നു.
യോഗ്യതാ മത്സരത്തിൽ ഇരുവരും തമ്മിൽ കനത്ത പോരാട്ടം നടന്നു. മത്സരത്തിനിടയിലെ കൂട്ടിയിടിയിൽ ആൻറോണെല്ലിയുടെ കാർ ട്രാക്ക് വിട്ട് പുറത്തേക്ക് പോകുകയും ചെയ്തിരുന്നു. കോപാകുലനായ ആന്റോണെല്ലി തത്സമയം റേഡിയോയിലൂടെ ടീമിനോട് പരാതി പറയുകയും ചെയ്തിരുന്നു. ടീം തലവൻ ടോട്ടോ വൂൾഫ് ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ചതിന് പിന്നാലെയാണ് താരങ്ങൾ ഫൈനൽ പോരിനിറങ്ങിയത്.
മോൺട്രിയലിൽ ഫൈനലിലെ ആദ്യ മുപ്പത് ലാപ്പുകളിൽ ആന്റോണെല്ലിയും ജോർജ് റസലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. പലതവണ ലീഡ് ഇരുവർക്കുമിടയിൽ മാറിമറിഞ്ഞു. കാറുകളുടെ ടയറുകൾ പരസ്പരം ഉരയുന്നത്ര അടുപ്പത്തിൽ കാറുകൾ വന്നതോടെ ടീം മാനേജ്മെന്റി ഇരുവർക്കും മുന്നറിയിപ്പ് നൽകി.
മുപ്പതാം ലാപ്പ് പുരോഗമിക്കവേ റസലിന്റെ കാറിനുണ്ടായ തകരാറാണ് ഫലം മാറ്റിമറിച്ചത്. റേസ് പൂർത്തിയാക്കാനാകാതെ റസൽ കോപത്തോടെയാണ് ട്രാക്കിൽ നിന്ന് മടങ്ങിയത്. റസൽ മടങ്ങിയതോടെ പൂർണമായും ലീഡ് കൈവശമാക്കിയ ആന്റോണെല്ലിക്ക് പിന്നെ വെല്ലുവിളികൾ ഉയർന്നില്ല. ജയത്തോടെ എഫ് വൺ ചരിത്രത്തിൽ തന്റെ ആദ്യത്തെ നാല് വിജയങ്ങളും തുടർച്ചയായി നേടുന്ന ആദ്യ ഡ്രൈവർ എന്ന റെക്കോർഡാണ് ആന്റോണെല്ലി എന്ന പത്തൊമ്പതുകാരൻ സ്വന്തമാക്കിയത്.
മെഴ്സിഡസിന്റെ തന്നെ മുൻ താരവും ഏഴ് തവണ ലോകചാമ്പ്യനുമായ ലൂയിസ് ഹാമിൽട്ടണെ രണ്ടാമതാക്കിയായിരുന്നു ആന്റോണെല്ലിയുടെ കുതിപ്പ്. ഫോർമുല വണ്ണിലെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗ്രാൻപ്രീ ജേതാവായ മാക്സ് വെസ്റ്റാപ്പനാണ് മൂന്നാമത് എത്തിയത്.. ഹാമിൽട്ടൺ ഫെറാറിയുടെയും വെസ്റ്റാപ്പൻ റെഡ് ബുള്ളിന്റെയും താരമാണ്. നാല് ജയങ്ങളോടെ സീസണിലെ ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതുള്ള ആന്റോണെല്ലി, തൊട്ടുപിന്നിലുള്ള താരവുമായുള്ള ലീഡ് 43 പോയന്റായി ഉയർത്തുകയും ചെയ്തു. ഫോർമുല വൺ സീസണിലെ അടുത്ത മത്സരമായ മൊണാക്കോ ഗ്രാൻപ്രീ മെയ് 31 ഞായറാഴ്ച നടക്കും. എഫ് വണ്ണിലെ ഏറ്റവും കഠിനമായ സ്ട്രീറ്റ് റേസാണ് മൊണാക്കോയിലേത്.
Content highlight: Formula one Kimi Antonelli Mercedes wins Canadian grand prix