

ഇറാൻ-യുഎസ് യുദ്ധത്തെത്തുടർന്നുണ്ടായ സാമ്പത്തിക ആഘാതവും ആഗോള സാഹചര്യങ്ങളും മെച്ചപ്പെടുന്നതുവരെ ഒരുവർഷത്തേയ്ക്ക് സ്വർണം വാങ്ങൽ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അടുത്താണ് പറഞ്ഞത്. ഇന്ത്യയുടെ സാമ്പത്തിക ഘടനയിൽ ഏറ്റവും വലിയ ഇറക്കുമതി ചെലവുകളിൽ ഒന്നാണ് സ്വർണം. അതുകൊണ്ടാണ് സർക്കാർ ഈ നീക്കം സ്വീകരിച്ചത്. ഇതിനൊപ്പം സ്വർണ ഇറക്കുമതി തീരുവ 6%ൽ നിന്ന് 15% ആയി ഉയർത്തുകയും ചെയ്തിരുന്നു.
5.2 ട്രില്യൺ ഡോളർ വിപണി
രൂപയെ രക്ഷിക്കാനുള്ള ശ്രമമായി സർക്കാർ ശക്തമായ സന്ദേശം നൽകിയിട്ടുണ്ടെങ്കിലും, ഇന്ത്യൻ ജനങ്ങളുടെ സ്വർണത്തിന്മേലുള്ള ബന്ധം സാംസ്‌കാരികവും വൈകാരികവുമാണ്.ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താവാണ് ഇന്ത്യ. വിവാഹങ്ങൾ, ഉത്സവങ്ങൾ, കുടുംബ സമ്പത്ത് സംരക്ഷണം എന്നിവയിൽ ഈ മഞ്ഞ ലോഹത്തിന് വലിയ പങ്കുണ്ട്.
ഇന്ത്യൻ വീടുകളിൽ ഏകദേശം 34,600 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഏകദേശം 5.2 ട്രില്യൺ ഡോളർ അതായത് 431 ലക്ഷം കോടി മൂല്യമുണ്ടെന്നാണ്
വിലയിരുത്തപ്പെടുന്നത്.
രൂപയുടെ സമ്മർദ്ദവും ഇറക്കുമതി ബാധ്യതയും
സ്വർണ ഇറക്കുമതി വർധിക്കുന്നത് രാജ്യത്തിന്റെ വിദേശ നാണയ ശേഖരത്തിൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഡോളറിൽ പണമടച്ച് സ്വർണം ഇറക്കുമതി ചെയ്യുന്നതിനാൽ വ്യാപാര കമ്മി കൂടുകയും രൂപയ്ക്ക് സമ്മർദ്ദം ഉണ്ടാകുകയും ചെയ്യുന്നു. വർഷംതോറും ടൺ കണക്കിന് സ്വർണമാണ് ആഭ്യന്തര ആവശ്യത്തിനായി രാജ്യത്തേക്ക് എത്തുന്നത്.
സർക്കാർ നീക്കത്തിന്റെ ലക്ഷ്യങ്ങൾ
മാറുമോ ജനങ്ങളുടെ സ്വർണ ശീലം?
സ്വർണ ആവശ്യകത കുറയ്ക്കാൻ ഉദ്ദേശിച്ച പ്രധാനമന്ത്രിയുടെ സന്ദേശം, വിപണിയിൽ താൽക്കാലികമായി അതിന്റെ വിരുദ്ധ ഫലമാണ് സൃഷ്ടിച്ചത്. മോദിയുടെ സന്ദേശത്തിനു തൊട്ടു പിന്നാലെ ബ്രൈഡൽ ജ്വല്ലറി വിൽപ്പനയിൽ മാത്രം ഏകദേശം 15% മുതൽ 20% വരെ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരാമെന്നോ അല്ലെങ്കിൽ വില ഇനിയും ഉയരാമെന്നോ ഉള്ള ആശങ്ക കാരണം ഉപഭോക്താക്കൾ മുൻകൂട്ടി വാങ്ങാൻ തീരുമാനിച്ചതാണ് ഇതിന് കാരണം. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അഭ്യർത്ഥനയും നികുതി വർധനയും ഉണ്ടായിട്ടും, വിപണിയിലെ വിദഗ്ധർ പറയുന്നത് ഇന്ത്യയിലെ സ്വർണ ആവശ്യകത കുറയാൻ സാധ്യതയില്ലെന്നാണ്.
വിവാഹങ്ങളും പാരമ്പര്യ ആചാരങ്ങൾക്കും പുറമെ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതിനാൽ തന്നെ സ്വർണത്തിന്മേലുള്ള ഡിമാൻഡ് വർധിപ്പിക്കുകയേയുള്ളൂ എന്നാണ് അവർ വ്യക്തമാക്കുന്നത്. സർക്കാർ ശ്രമങ്ങൾ വാങ്ങൽ താൽക്കാലികമായി കുറയാമെങ്കിലും, ദീർഘകാലത്തിൽ ഇന്ത്യയുടെ സ്വർണ ഡിമാൻഡ് ഉയർന്നു തന്നെയാണ്.
Content Highlights: Modi wants Indians to press pause on gold. But the $5.2 trillion obsession runs deep