

42-ാമത് കേരള സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും കിരീടം നിലനിര്‍ത്തി. കേരള ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലാ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷനാണ് കാഞ്ഞങ്ങാട് വെച്ച് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുടെ ഫൈനലില്‍ ആലപ്പുഴയെ 84-41 എന്ന സ്‌കോറിന് തകര്‍ത്താണ് കോഴിക്കോട് തങ്ങളുടെ കരുത്ത് തെളിയിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട കെ. അക്ഷര 31 പോയിന്റുകള്‍ നേടി കോഴിക്കോടിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കോഴിക്കോട് വ്യക്തമായ ആധിപത്യം നിലനിര്‍ത്തിയാണ് വിജയം ഉറപ്പിച്ചത്. രണ്ട് അധിക സമയങ്ങളിലേക്ക് നീണ്ട ആണ്‍കുട്ടികളുടെ പോരാട്ടം ആവേശകരമായി. നിലവിലെ ചാമ്പ്യന്മാരായ തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ മത്സരം നിശ്ചിത സമയത്തും ആദ്യ അധിക സമയത്തും സമനിലയില്‍ പിരിഞ്ഞു. രണ്ടാം എക്‌സ്ട്രാ പീരിയഡിലേക്ക് നീണ്ട മത്സരത്തില്‍ 119-112 എന്ന സ്‌കോറിന് തിരുവനന്തപുരത്തെ വീഴ്ത്തി തൃശൂര്‍ കിരീടം നിലനിര്‍ത്തി. തൃശൂരിന് വേണ്ടി അഭിനാദ് രാജേഷ് 44 പോയിന്റുകള്‍ നേടി. തിരുവനന്തപുരത്തിന്റെ ജോയല്‍ ജോസ് 32 പോയിന്റുകള്‍ നേടി.
പെണ്‍കുട്ടികളുടെ ലൂസേഴ്‌സ് ഫൈനലില്‍ കൊല്ലത്തെ തോല്‍പ്പിച്ച് തിരുവനന്തപുരം വെങ്കലം നേടി (69-68). തിരുവനന്തപുരത്തിനായി സായ എം. ജഹാംഗീര്‍ 33 പോയിന്റുകള്‍ നേടി.
ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആലപ്പുഴയെ പരാജയപ്പെടുത്തി കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി (88-73). സ്വരൂപ് ഗിരീഷ് കോട്ടയത്തിനായി 39 പോയിന്റുകള്‍ നേടി.
ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയ തൃശൂരിന്റെ അഭിനാദ് രാജേഷിനെ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച താരമായും, കോഴിക്കോടിന്റെ കെ. അക്ഷരയെ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച താരമായും തിരഞ്ഞെടുത്തു. സമ്മാനദാനച്ചങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.
content highlights: State Youth Basketball: Kozhikode and Thrissur emerge as champions