

പലതരം ബിസിനസ് ആശയങ്ങളാണ് ലോകത്ത് അനുദിനം ഉടലെടുക്കുന്നത്. ചെറുതും വലുതും ആയ അനേകം ആശയങ്ങൾ. മനുഷ്യജീവിതത്തെ ലഘൂകരിക്കാനും മികച്ച സഹായം നൽകുന്നതുമായിരിക്കും പല ബിസിനസുകളും. ചില ബിസിനസുകൾ നമ്മളെ അത്ഭുതപ്പെടുത്തുകയും ചെയ്യും. അത്തരത്തിലൊരു അത്ഭുതപ്പെടുത്തുന്ന ബിസിനസ് വാർത്തയാണ് ഡൽഹിയിൽ നിന്ന് വരുന്നത്.
ഡൽഹി കേന്ദ്രീകരിച്ച് ആരംഭിച്ച കാരിമെൻ എന്ന സ്റ്റാർട്ടപ്പ്, വെറൈറ്റി ആയ ഒരു ബിസിനസ് ആശയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ബാഗുകൾ പിടിച്ച് കൊടുക്കാനും, ക്യൂവിൽ നിൽക്കാനും, മെട്രോ സ്റ്റേഷനിലേക്കും അടുത്തുള്ള സ്ഥലങ്ങളിലേക്കും മറ്റും വഴികാട്ടാനും ഷോപ്പിങിനിടെ ചെയറുകളും മറ്റും ഉറപ്പുവരുത്താനും ആളുകളെ ലഭ്യമാക്കിനൽകുന്ന ആശയമാണ ഇവരുടേത്. ഒരാൾക്ക് മണിക്കൂറിന് 149 രൂപയാണ് നിരക്ക്. നിലവിൽ ഡൽഹി ലജ്പത് നഗറിലാണ് ഈ സേവനം ഉള്ളത്. ചാന്ദ്നി ചൗക്ക് മേഖലയിലേക്കും ഈ സേവനം പതിയെ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ കമ്പനി.
'യൂ ഷോപ്പ്, വീ കാരി' എന്നതാണ് കാരിമെന്നിന്റെ ആപ്തവാക്യം തന്നെ. തിരക്കേറിയ മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിലേക്ക് എത്തുന്ന ആളുകളെയാണ് ഈ സ്റ്റാർട്ടപ്പ് ലക്ഷ്യം വെയ്ക്കുന്നത്. പലപ്പോഴും ആളുകൾക്ക് നിരവധി ബാഗുകൾ പിടിച്ചുനിൽക്കാനും മറ്റും ബുദ്ധിമുട്ടായിരിക്കും. പലർക്കും അധികനേരം നിൽക്കാനും ബുദ്ധിമുട്ടുണ്ടായിരിക്കും. അവരാണ് ഈ സ്റ്റാർട്ടപ്പിന്റെ കസ്റ്റമേഴ്സ്.
ഡൽഹിയിലെ ലജ്പത് നഗർ, സരോജിനി നഗർ, ചാന്ദ്‌നി ചൗക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചതിന് പിന്നാലെയാണ് സ്ഥാപകർക്ക് ഇത്തരമൊരു ആശയവും ഉരുത്തിരിഞ്ഞുവന്നത്. അവരുടെ സ്വന്തം അനുഭവങ്ങളിൽ നിന്ന് കൂടിയാണ് ഇങ്ങനെയൊരു ആശയം ഉണ്ടായത്. ഡൽഹി എപ്പോഴും തിരക്കേറിയ, ഷോപ്പിങിന് ആളുകൾ എപ്പോഴും എത്തുന്ന നഗരമാണ്. ഷോപ്പിംഗ് സംസ്കാരത്തെ മാറ്റിമറിക്കുക എന്നതല്ല, കൂടുതൽ സുഖമമാക്കുക എന്നതായിരുന്നു സ്ഥാപകരുടെ ആശയം.
കമ്പനി നൽകുന്ന സർവീസുകൾ ഇവയെല്ലാമാണ്. ഷോപ്പിംഗ് ബാഗുകൾ ചുമക്കുക, തിരക്കേറിയ മാർക്കറ്റുകളിൽ വഴികാട്ടിയാകുക, ഭക്ഷണത്തിനായുള്ള ക്യൂവിൽ കയറിനിൽക്കാൻ ആളെ തരപ്പെടുത്തുക, പാർക്കിംഗ് - മെട്രോ സ്റ്റേഷനുകളിലേക്ക് ആളുകളെ എത്തിക്കുക, ക്ഷീണിതരായി ഷോപ്പേഴ്സിന് ഇരിക്കാനുള്ള സ്ഥലം കണ്ടെത്തിക്കൊടുക്കുക, ഗർഭിണികൾ, പ്രായമായവർ തുടങ്ങിയവരെ സഹായിക്കുക എന്നിങ്ങനെയുള്ള സർവീസുകളാണ് ഇവർ നൽകുക.
പ്രായമായവരാണ് ഇതുവരെയ്ക്കും ഇവരെ കൂടുതലായും ആശ്രയിക്കുന്നത്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങളായ കർട്ടനുകളും ബെഡ്ഷീറ്റുകളും വാങ്ങുന്ന സ്ത്രീകൾ, ഗർഭിണികൾതുടങ്ങിയവർക്കും ഈ സേവനം ഉപകാരപ്രദമായിട്ടുണ്ട്. കുടകൾ, പവർ ബാങ്കുകൾ, ഹൈഡ്രേഷൻ അസിസ്റ്റൻസ് തുടങ്ങിയവയും ഇത്തരത്തിൽ ബുക്ക് ചെയ്യപ്പെടുന്നവരുടെ കയ്യിൽ ഉണ്ടാകും.
Content Highlights: Carrymen, a Delhi-based startup, has introduced a unique business model offering human assistance services for daily tasks. From standing in queues and carrying bags to guiding people through metro stations and arranging chairs during shopping, the startup aims to simplify urban life with personalized support services.