

അത്‌ലറ്റിക്‌സില്‍ വീണ്ടുമൊരു ഇന്ത്യന്‍ കുതിപ്പ്.. നൂറ് മീറ്റര്‍ ഓട്ടത്തിലെ ഇന്ത്യന്‍ റെക്കോര്‍ഡ് തിരികെപ്പിടിച്ച് ഗുരീന്ദര്‍വീര്‍ സിങ് ഓടിയെത്തിയത് 10.09 സെക്കന്റില്‍.. ഒരിന്ത്യന്‍ താരം 10.1 സെക്കന്റിനുള്ളില്‍ നൂറ് മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത് ഇതാദ്യം. റാഞ്ചിയിലെ ബിര്‍സ മുണ്ട അത്‌ലറ്റിക് സ്റ്റേഡിയമായിരുന്നു ചരിത്ര വേദി. ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് പ്രാവശ്യമാണ് നൂറ് മീറ്ററിലെ ഇന്ത്യന്‍ റെക്കോര്‍ഡ് തിരുത്തപ്പെട്ടത്. വെള്ളിയാഴ്ച സെമിഫൈനലില്‍ 10.17 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ ഗുരീന്ദര്‍വീര്‍, ഒരു വര്‍ഷം മുന്‍പ് തന്നില്‍ നിന്ന് നഷ്ടമായ ദേശീയ റെക്കോര്‍ഡ് ആദ്യം തിരിച്ചുപിടിച്ചു.. 10.18 സെക്കന്റില്‍ ഓടിയെത്തി കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വേഗമേറിയ താരമായി മാറിയ അനിമേഷ് കുജൂറില്‍ നിന്നാണ് ഗുരുവീന്ദര്‍ റെക്കോര്‍ഡ് തിരികെ പിടിച്ചത്.
എന്നാല്‍ ഗുരുവിന്ദറിന്റെ മത്സരത്തിന് ശേഷം സെമിഫൈനല്‍ ഹീറ്റ്‌സിനിറങ്ങിയ അനിമേഷ് കുജൂര്‍ വീണ്ടും ആ റെക്കോര്‍ഡ് തിരുത്തി. 10.15 സെക്കന്റായി സമയം മെച്ചപ്പെടുത്തിയ അമിനേഷ് വീണ്ടും വേഗമേറിയ ഇന്ത്യക്കാരനായി മാറി.
ശനിയാഴ്ച ഫൈനലില്‍ റെക്കോര്‍ഡ് വീണ്ടും തിരുത്തിയ സ്വപ്നക്കുതിപ്പായിരുന്നു .അനിമേഷും ഗുരുവീന്ദറും ഒന്നിച്ചിറങ്ങിയപ്പോള്‍ വേഗപ്പോരാട്ടം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു.. ഗുരുവീന്ദര്‍ 10.09 സെക്കന്റിലും, അനിമേഷ് 10.20 സെക്കന്റിലുമാണ് ഫിനിഷ് ലൈന്‍ തൊട്ടത്.. 0.11 സെക്കന്റ് വ്യത്യാസം.
ഉയരം കുറഞ്ഞ്, ഉറച്ച പേശികളോട് കൂടിയ ഒതുക്കമുള്ള ശരീരപ്രകൃതിയാണ് ഗുരീന്ദറിന്റേത്. ഒരു സ്പ്രിന്റര്‍ എങ്ങനെയായിരിക്കണം എന്ന് നമ്മള്‍ എപ്പോഴും ചിന്തിക്കാറുള്ളതുപോലെയാണ് അദ്ദേഹത്തിന്റെ രൂപം. സ്റ്റാര്‍ട്ടിങ് ലൈനില്‍ നിന്ന് അതിശയിപ്പിക്കുന്ന വേഗതയോടെ മുന്നോട്ട് കുതിക്കാന്‍ ഈ ശരീരപ്രകൃതി അദ്ദേഹത്തെ സഹായിക്കുന്നു.
📸 #GurindervirSingh clinches the gold medal in the men’s 100m event at the 2026 Athletics Federation Cup, with a new national record timing of 10.09 seconds. #IndianAthletics #AthleticsIndia #AFI @YASMinistry II @MIB_India II @PIB_India pic.twitter.com/vG9TmJx7xU
— All India Radio News (@airnewsalerts) May 24, 2026
നേരെമറിച്ച്, അനിമേഷ് ഉയരമുള്ളവനും മെലിഞ്ഞവനുമാണ്. സാധാരണ സ്പ്രിന്റര്‍മാരില്‍ നിന്ന് വ്യത്യസ്തമായി, ലോകത്തിലെ ഏറ്റവും മികച്ച ഓട്ടക്കാരനായ ഉസൈന്‍ ബോള്‍ട്ടിനെ അനുസ്മരിപ്പിക്കുന്ന ശരീരപ്രകൃതിയാണ് അദ്ദേഹത്തിന്റേത്. തുടക്കത്തില്‍ അനിമേഷിന്റെ ഓട്ടം അല്പം സാവധാനത്തിലാണെന്ന് തോന്നുമെങ്കിലും, ലോങ്-സ്‌ട്രൈഡുകളിലൂടെ ട്രാക്കില്‍ അദ്ദേഹം അനായാസമായി വേഗത കൈവരിക്കുന്നത് കാണാം.
'സെമിഫൈനലില്‍ ആദ്യത്തെ 80 മീറ്റര്‍ പൂര്‍ണ്ണ വേഗതയില്‍ ഓടുകയും, അതിനുശേഷം വേഗത അല്പം കുറച്ച് റിലാക്‌സ് ചെയ്യുകയുമായിരുന്നു ലക്ഷ്യം. അതായിരുന്നു ഞങ്ങളുടെ തന്ത്രം,' മത്സരശേഷം ഗുരീന്ദര്‍വീര്‍ പറഞ്ഞു. മത്സരശേഷം ഗുരുവീന്ദര്‍ വീണ്ടും ഞെട്ടിച്ചു.. നെഞ്ചില്‍ പതിച്ചിരുന്ന നമ്പറണിഞ്ഞ തുണിക്കഷ്ണം വലിച്ചൂരി അദ്ദേഹം ക്യാമറകളെ കാണിച്ചു.. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: 'ദൌത്യം ഇതുവരെ അവസാനിച്ചിട്ടില്ല, കാത്തിരിക്കൂ, ഞാന്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ട്.' അതില്‍ ഒരു സമയവും കുറിച്ചിട്ടുണ്ടായിരുന്നു.'10.10s'. ഇന്ത്യക്കാരെ സംബന്ധിച്ച് അസാധ്യമെന്ന് കരുതിയിരുന്ന ആ 10.10 സെക്കന്‍ഡ് എന്ന ലക്ഷ്യം മറികടക്കണമെന്ന ഉറച്ച ആഗ്രഹത്തോടെയാണ് ഗുരുവീന്ദര്‍ ട്രാക്കിലിറങ്ങിയത്.. ലക്ഷ്യം അദ്ദേഹം നേടുകതന്നെ ചെയ്തു.. നൂറ് മീറ്റര്‍ സ്പ്രിന്റ് പത്ത് സെക്കന്റില്‍ താഴെ ഓടിയെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാരെന്നുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഇന്ത്യന്‍ കായിക ലോകം.
content highlights: Gurindervir Singh, the fastest Indian