

റാന്നി: പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലെ വിദ്യാർത്ഥികളായ ജോഷിൻ ബിനു, സാം ബിജു എന്നിവരുടെ മൃതശരീരങ്ങളാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ റാന്നി അഗ്നിശമനസേനയും ഈരാറ്റുപേട്ട ടീം എമർജൻസി കേരളയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്.
രാവിലെ ആറരയോടെയാണ് കുട്ടികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. റാന്നി ഐത്തലയിൽ കളരിക്കൽ കടവിലാണ് ഇവർ കുളിക്കാനിറങ്ങിയത്. സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ. മൂന്നു പേരാണ് ഒരുമിച്ച് കുളിക്കാനിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെട്ടത്. ഒരാൾ നീന്തി കരയ്ക്ക് കയറി. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ ബഹളം വെച്ചപ്പോഴാണ് നാട്ടുകാർ ഓടിക്കൂടിയത്. വെളിച്ചക്കുറവും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു. ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
Content Highlights: The bodies of two students who were swept away by the strong current of the Pampa River have been recovered