

വിന്റർ ഒളിംപിക്സിനായി എത്തിയ അത്‍ലറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിൽ ഗർഭ നിരോധന ഉറ (കോണ്ടം) കിട്ടാനില്ലെന്നു പരാതി. 2900 അത‍്ലറ്റുകൾക്കായി 10,000 കോണ്ടമാണ് സംഘാടകർ എത്തിച്ചിരുന്നത്. എന്നാൽ മൂന്നാം ദിവസം തന്നെ ഇതു തീർന്നു. അപ്രതീക്ഷിത പ്രതിസന്ധിയാണിതെന്നും ഉടൻ പരിഹരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. പുതിയ ബാച്ച് കോണ്ടം എപ്പോൾ എത്തുമെന്ന് പക്ഷെ സംഘാടകർ വ്യക്തമാക്കിയിട്ടില്ല.
ആയിരക്കണക്കിനു അത്‍ലറ്റുകൾ ആഴ്ചകളോളം ഒന്നിച്ചു താമസിക്കുന്ന സ്ഥലമെന്ന നിലയ്ക്കാണ് സംഘാടകർ ഇത്രയധികം കോണ്ടം കരുതിയത്. കോണ്ടം പെട്ടെന്നു തീർന്നത് ആശങ്കയായിട്ടുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ മാസം ആറിനാണ് ശൈത്യകാല ഒളിംപിക്സ് തുടങ്ങിയത്. ഈ മാസം 22നു പോരാട്ടം അവസാനിക്കും.
ഒളിംപിക്സ് വില്ലേജിൽ ഇത്തരത്തിൽ കോണ്ടം ലഭ്യമാക്കുന്നത് കാലങ്ങളായി പിന്തുടരുന്ന രീതിയാണ്. വളരെ ചെറിയ ഗെയിംസ് വില്ലേജിൽ ലോകമെങ്ങുമുള്ള കായിക താരങ്ങൾ എത്തുമ്പോൾ സുരക്ഷിതമായ ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗിക ആരോഗ്യം പരിപാലിക്കുന്നതിനുമാണ് ഇത്തരത്തിൽ കോണ്ടം വിതരണം ചെയ്യുന്നത്.
2024ലെ പാരിസ് ഒളിംപിക്സിൽ വലിയ തോതിലാണ് ഇത്തരത്തിൽ കോണ്ടം സംഭരിച്ചതും വിതരണം നടത്തിയതും. പാരിസ് ഒളിംപിക്സിൽ സ്ത്രീകളും പുരുഷൻമാരുമായി 10,500 കായിക താരങ്ങളാണ് പങ്കെടുത്തത്. വില്ലേജിൽ രണ്ട് ലക്ഷത്തിനു മുകളിൽ കോണ്ടമാണ് അന്ന് വിതരണം ചെയ്തത്.
മിലാനിലെ കൊർടീന ദംപെസോയിൽ താത്കാലികമായാണ് ഒളിംപിക്സ് വില്ലേജ് നിർമിച്ചിരിക്കുന്നത്. അത്‌ലറ്റുകൾക്കു കഴിയാൻ മൊഡ്യുലാർ യൂണിറ്റുകളാണ് വീടുകളായി സജ്ജീകരിച്ചിരിക്കുന്നത്.
Content Highlights: condom crisis in winter olympics