

റമദാൻ ആരംഭിക്കുന്നതോടെ യുഎഇയിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വലിയ വർദ്ധനവുണ്ടാകാറുണ്ട്. എന്നാൽ ഈ അവസരത്തിൽ സംഘടിത ഭിക്ഷാടനവും വൻതോതിൽ വർദ്ധിക്കുന്നതായ് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകുകയാണ്. പൊതുജനങ്ങളുടെ സഹതാപം മുതലെടുക്കുന്നതിനായി ഹ്രസ്വകാല വിസകളിൽ യുഎഇയിൽ എത്തുന്നവർ ഇത്തരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെടുന്നു.
കഴിഞ്ഞ ദിവസം പാർക്കിംഗ് ഏരിയയിൽ നിന്ന് 20,000 ദിർഹവുമായി ഒരാളെ പിടികൂടിയതോടെ ദുബായ് പൊലീസ് പിടികൂടിയിരുന്നു. ഇതോടയാണ് ഈ വിഷയം വീണ്ടും ഗൗരവമായി ചർച്ചയിലായത്. ട്രാഫിക് സിഗ്നലുകളിലും പാർക്കിംഗ് ഏരിയകളിലുമുള്ള ആഡംബര വാഹനയാത്രക്കാരെ കേന്ദ്രീകരിച്ചാണ് ഇയാൾ പണം തട്ടിയിരുന്നത്. കഷ്ടപ്പാടുകൾ വിവരിച്ച് സഹതാപം നേടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി.
പള്ളികൾക്ക് മുൻവശം, ആശുപത്രികൾ, ക്ലിനിക്കുകൾ, ചന്തകൾ, തെരുവുകൾ എന്നിവിടങ്ങളിൽ സഹതാപം ചൂഷണം ചെയ്യുന്നതിനായി ഭിക്ഷാടകർ പലപ്പോഴും വഞ്ചനാപരമായ തന്ത്രങ്ങൾ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന കോൾ സെന്റർ വഴിയോ ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' (Police Eye) ഫീച്ചർ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പൊലീസ് അറിയിച്ചു. കൂടാതെ, സംഭാവനകൾ അംഗീകൃത ജീവകാരുണ്യ സംഘടനകൾ വഴി മാത്രം നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
2021-നും 2025-നും ഇടയിൽ ദുബായ് പൊലീസ് 1,801 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തിരുന്നു. 2025-ലെ റമദാൻ, ഈദുൽ ഫിത്തർ സമയത്ത് മാത്രം ദുബായിൽ 222 ഭിക്ഷാടകർ അറസ്റ്റിലായി. റമദാൻ മാസത്തിൽ അറസ്റ്റിലായവരിലേറെയും ഹ്രസ്വകാല വിസയിൽ എത്തിയ സന്ദർശകരാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Dubai Police is warning residents about begging scams during Ramadan, where individuals use fake injuries, family problems, and other tactics to solicit money. These scams often target luxury car owners in parking lots and at traffic lights, with some beggars carrying large amounts of cash