വരുന്നു ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള; ഏറ്റുമുട്ടുക ആറ് ഫ്രാഞ്ചൈസികള്‍ തമ്മിൽ

2026 മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍വെച്ചാണ് പത്ത് ദിവസത്തെ ലീഗ് സംഘടിപ്പിക്കുന്നത്

വരുന്നു ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള; ഏറ്റുമുട്ടുക ആറ് ഫ്രാഞ്ചൈസികള്‍ തമ്മിൽ
dot image

കേരളത്തിലെ യുവ ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളുടെ വളര്‍ച്ചയ്ക്കായി കൃത്യമായ പാതയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ലെമണ്‍ ട്രീ പ്രീമിയറില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

മികച്ച താരങ്ങളെ കണ്ടെത്തണമെങ്കില്‍ വിവിധ കായിക ഇനങ്ങളില്‍ ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. അത്തരത്തില്‍ കണ്ടെത്തിയ താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കിയാല്‍, മികച്ച റിസല്‍ട്ട് ഉണ്ടാക്കാന്‍ ശേഷിയുള്ള യുവാക്കളുള്ള നാടാണ് കേരളമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിരവധി ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളും ആരാധകരും ഉണ്ട്. എന്നാല്‍ അവര്‍ക്ക് അവസരങ്ങള്‍ കുറവാണ്. ബാസ്‌ക്കറ്റ് ബോള്‍ ലീഗ് കേരള ആരംഭിക്കുന്നതോടെ കേരളത്തില്‍ വലിയ ബാസ്‌ക്കറ്റ് ബോള്‍ ആവേശമുണ്ടാകുമെന്നുറപ്പാണെന്നും മന്ത്രി പറഞ്ഞു.

2026 മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍വെച്ചാണ് പത്ത് ദിവസത്തെ ലീഗ് സംഘടിപ്പിക്കുന്നത്. BLKയുടെ ആദ്യ സീസണില്‍ വിവിധ വിഭാഗങ്ങളിലായി 72 മത്സരങ്ങളുണ്ടാകും. തിരുവനന്തപുരം ക്യാപിറ്റല്‍സ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോള്‍ഫിന്‍സ്, കൊച്ചി സ്റ്റാലിയന്‍സ്, തൃശൂര്‍ ടസ്‌ക്കേഴ്സ്, കാലിക്കറ്റ് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗില്‍ പരസ്പരം ഏറ്റുമുട്ടുക. ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിര്‍വ്വഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, ഡങ്കന്‍ (Duncan) എന്ന് പേരിട്ടിരിക്കുന്ന ഭാഗ്യചിഹ്നവും ചടങ്ങില്‍ പുറത്തിറക്കി. യുവത്വത്തിന്റെ കരുത്തിനെയും കായിക ഐക്യത്തെയുമാണ് ഡങ്കന്‍സപ്രതിനിധീകരിക്കുന്നത്.

അണ്ടര്‍-14, അണ്ടര്‍-19 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി, കേവലം ടൂര്‍ണമെന്റുകള്‍ക്ക് അപ്പുറം ഒരു സമഗ്ര വികസന പദ്ധതിയായാണ് ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് കേരള വിഭാവനം ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ജില്ലാതല സ്‌കില്‍ ചലഞ്ചുകള്‍, റീജിയണല്‍ ട്രയലുകള്‍, ഡിജിറ്റല്‍ ലേലം എന്നിവ അടങ്ങുന്ന വിപുലമായ സംവിധാനമാണിത്.

തിരുവനന്തപുരം നഗരത്തിലെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകളുടെ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ 'ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് ഡിജിറ്റല്‍ അറ്റ്ലസ് - തിരുവനന്തപുരം' ചടങ്ങില്‍ പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും തുല്യമായ അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും ഡാറ്റാ അധിഷ്ഠിതമായ ഈ മാപ്പിംഗ് വലിയ സഹായമാകും. കേരളത്തിന്റെ വനിതാ 3x3 നാഷണല്‍ ചാമ്പ്യന്മാരെ ചടങ്ങില്‍ ആദരിച്ചു.

ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ കുല്‍വിന്ദര്‍ സിംഗ് ഗില്‍, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് ജോസഫ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, കൊച്ചി റീജണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ് ഐആര്‍എസ് (റിട്ട.) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: basketball league kerala

dot image
To advertise here,contact us
dot image