

സ്പാനിഷ് തലസ്ഥാനമായ മഡ്രിഡില്‍ കഴിഞ്ഞ ആഴ്ചകളില്‍ കനത്ത നാശനഷ്ടം വിതച്ച കാട്ടുതീ ബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി 80,000 യൂറോ (ഏകദേശം 87 ലക്ഷം ഇന്ത്യന്‍ രൂപ) സംഭാവന നല്‍കി. മഡ്രിഡ് റീജിയണല്‍ ഗവണ്‍മെന്റ് പ്രസിഡന്റ് ഇസബെല്‍ ഡയസ് അയുസോ ആണ് അര്‍ജന്റീന താരത്തിന്റെ സംഭാവന സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ദുരിതബാധിതര്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തത്.
'മഡ്രിഡിലെ സിയറ ഒവെസ്റ്റെ മേഖലയുടെ പുനര്‍നിര്‍മാണത്തിനായി ലിയോ മെസ്സി 80,000 യൂറോ സംഭാവന നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു. മെസ്സിയെ കാത്തിരിക്കുകയാണ് മഡ്രിഡിലെ ജനങ്ങള്‍' അയുസോ വ്യക്തമാക്കി. മഡ്രിഡിലെ സിയറ ഒവെസ്റ്റെ മേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ പരിഹരിക്കാന്‍ സ്പാനിഷ് അധികൃതര്‍ തീവ്രശ്രമം തുടരുന്നതിനിടെയാണ് ഈ സാമ്പത്തിക സഹായം. കടുത്ത ഉഷ്ണതരംഗവും ശക്തമായ കാറ്റും കാരണം ദക്ഷിണ യൂറോപ്പിലുടനീളം പടര്‍ന്നുപിടിച്ച കാട്ടുതീ സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ വലിയ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിനും വഴിതെളിച്ചിരുന്നു.
മഡ്രിഡിന് സമീപമുള്ള പ്രദേശങ്ങളെയും ആവില പ്രവിശ്യയെയും തീപിടുത്തം ഭീഷണിയിലാക്കിയതിനെത്തുടര്‍ന്ന് സ്‌പെയിന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2026 ലോകകപ്പില്‍ അര്‍ജന്റീനയെ ഫൈനലില്‍ എത്തിയ മെസ്സിയുടെ ടീം എക്‌സ്ട്രാ ടൈമില്‍ 1-0 എന്ന സ്‌കോറിനാണ് സ്‌പെയിനോട് പരാജയപ്പെട്ടത്.
content highlights: Madrid Wildfire: Lionel Messi Donates €80,000 for Rehabilitation