

ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാലാം തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്ന ജിയാനി ഇൻഫാന്‍റിനോയുടെ കണക്കുകൂട്ടൽ തെറ്റുന്നു. ലോകകപ്പ് ഫുട്‍ബോളിന്റെ സ്വകാര്യവൽക്കരണ നീക്കം പാളിയതോടെ, ഇൻഫാന്‍റിനോയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ആഗോള ഫുട്ബോൾ ലോകത്ത് പ്രതിഷേധം കനക്കുകയാണ്.
ഇംഗ്ലണ്ട്, വെയിൽസ്, സെർബിയ തുടങ്ങിയ മുൻനിര ഫുട്ബോൾ അസോസിയേഷനുകൾ ഇൻഫാന്‍റിനോയ്ക്കുള്ള പിന്തുണ പരസ്യമായി പിൻവലിച്ചതോടെ, 2027 മാർച്ച് 18-ന് മൊറോക്കോയിലെ റബാറ്റിൽ നടക്കുന്ന ഫിഫ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അധികാരപ്പോരാട്ടം കനക്കുമെന്നുറപ്പായി.
ഇൻഫാന്‍റിനോയുടെ കസേര തെറിപ്പിക്കാൻ ആഗോള ഫുട്ബോളിലെ പ്രമുഖ ശക്തികേന്ദ്രങ്ങൾ ഒന്നിക്കുമ്പോള്‍ അടുത്ത പ്രസിഡന്‍റാവാൻ സാധ്യതയുള്ളവര്‍ ആരൊക്കെയെന്ന് നോക്കാം. കോൺകാകാഫ് പ്രസിഡന്‍റും ഫിഫ വൈസ് പ്രസിഡന്‍റുമായ വിക്ടർ മോണ്ടഗ്ലിയാനിക്കാണ് ഇൻഫാന്‍റിനോയ്‌ക്കെതിരെ മത്സരിക്കാൻ ഏറ്റവും കൂടുതല്‍ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കനേഡിയൻ വ്യവസായി കൂടിയായ വിക്ടർ മോണ്ടഗ്ലിയാനിക്ക് നോർത്ത്-സെൻട്രൽ അമേരിക്കൻ രാജ്യങ്ങളുടെ പിന്തുണയ്ക്ക് പുറമെ, ഇൻഫാന്‍റിനോയ്ക്ക് എതിരെ നില്‍ക്കുന്ന യുവേഫയുടെ പിന്തുണ കൂടി ലഭിക്കാനിടയുണ്ട്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്‍റായ ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് സാധ്യകളില്‍ രണ്ടാമത്. 2016-ലെ തിരഞ്ഞെടുപ്പിൽ ഇൻഫാന്‍റിനോയോട് നേരിയ വ്യത്യാസത്തിലാണ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം പരാജയപ്പെട്ടത്.
യൂറോപ്യൻ രാജ്യങ്ങളുടെ സംഘടനയായ യുവേഫയുടെ പ്രസിഡന്‍റായ അലക്സാണ്ടർ സെഫെറിൻ ആണ് സാധ്യതയുള്ള മറ്റൊരാള്‍. നോർവീജിയൻ അസോസിയേഷൻ ലിസ ക്ലാവ്നെസ്, ആഫ്രിക്കൻ രാജ്യങ്ങളുടെ സംഘടനയായ കാഫ് ൽ നിന്ന് പട്രീസ് മോട്സെപെ എന്നിവരും മത്സരരംഗത്തിറങ്ങാൻ സാധ്യതയുള്ളവരാണ്.
Content highlights:who will challenge gianni infantino for fifa presidency