

ഇൻഷുറൻസ് ഇല്ലാത്ത വണ്ടികൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നത് തടയാനും അപകടകേസുകളിൽ നഷ്ടപരിഹാരം വേഗത്തിൽ ഉറപ്പാക്കാനുമാണ് സുപ്രീംകോടതിയുടെ ഇത്തരത്തിലുള്ള നിർദ്ദേശം. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഈ നിർദേശത്തെത്ത ഇതുവരെയ്ക്കും തള്ളിക്കളഞ്ഞിട്ടില്ല എന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. ഇക്കാര്യം പരിശോധിക്കാൻ ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിക്ക് സുപ്രിംകോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇൻഷുറൻസ് ഡാറ്റാബേസുകളുമായി ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റെക്കഗ്നിഷൻ ക്യാമറകളെ ബന്ധിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇൻഷുറൻസ് ഇല്ലാത്ത വണ്ടികൾക്ക് വേഗത്തിൽ പിഴയീടാക്കാൻ ഇത് സഹായിക്കും. ട്രാഫിക് പോലീസുകാർക്ക് ഇൻഷുറൻസ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ നൽകണമെന്നും കോടതി പറഞ്ഞു.
നിരത്തിലിറങ്ങുന്ന ഏകദേശം 56% വണ്ടികൾക്കും ഇൻഷുറൻസ് ഇല്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഈ സാഹചര്യം നിർബന്ധിത മോട്ടോർ ഇൻഷുറൻസിന്റെ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും അപകടത്തിനിരയായി നഷ്ടപരിഹാരം കാത്തിരിക്കുന്നവർക്ക് നീതി ലഭിക്കാൻ വൈകുന്നുവെന്നും കോടതി പറഞ്ഞു.
സ്വകാര്യ വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി കൂട്ടണമെന്നും സുപ്രീംകോടതി പറഞ്ഞു.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിക്കാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. സ്വകാര്യ കാറുകള്‍ക്ക് മൂന്നില്‍ നിന്ന് നാല് വര്‍ഷവും പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചില്‍ നിന്ന് ആറ് വര്‍ഷമാക്കാനുമാണ് നിർദ്ദേശം.ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നല്‍കണം. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതുക്കാന്‍ വാഹന ഉടമകള്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്.
Content Highlights: Supreme Court says not to provide fuel to uninsured vehicles to prevent illegal road use and ensure faster accident compensation.