

പലര്‍ക്കും ആദ്യ പ്രണയം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മറക്കാന്‍ പ്രയാസമുള്ള ജീവിത ഓര്‍മ്മകളില്‍ ഒന്നാണ്. ആദ്യമായി കണ്ടുമുട്ടിയ സ്ഥലം, അന്ന് ധരിച്ചിരുന്ന വസ്ത്രം, ഉപയോഗിച്ചിരുന്ന പെര്‍ഫ്യൂമിന്റെ സുഗന്ധം, ഒരുമിച്ച് ചെലവഴിച്ച ചെറിയ നിമിഷങ്ങള്‍ അങ്ങനെ പലതും. ഇതെല്ലാം മറക്കാനാകാത്ത ഓര്‍മ്മകളായിരിക്കും. ചിലപ്പോള്‍ കാലങ്ങള്‍ മുന്നോട്ട് പോയതിനുശേഷവും ഒരു പാട്ടോ സ്ഥലമോ സുഗന്ധമോ പെട്ടെന്ന് ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. എന്തുകൊണ്ടായിരിക്കും ഈ ഓര്‍മ്മകള്‍ ഒരിക്കലും മറക്കാത്തത്. വികാരങ്ങള്‍ മാത്രമല്ല ഇതില്‍ പങ്ക് വഹിക്കുന്നത്. മറിച്ച് നമ്മുടെ തലച്ചോറിലും ശരീരത്തിലുമുള്ള രാസമാറ്റങ്ങളും ഈ ഓര്‍മ്മകളില്‍ വലിയ പങ്ക് വഹിക്കുന്നു.
കൗമാരത്തിലോ യൗവനാരംഭത്തിലോ ആയിരിക്കുമല്ലോ പലര്‍ക്കും ആദ്യ പ്രണയം ഉണ്ടാകുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ ന്യൂറോ സൈക്കോളജി പ്രൊഫസറായ കാതറിന്‍ ലവ്‌ഡേയുടെ അഭിപ്രായത്തില്‍ ഈ പ്രായത്തില്‍ നമ്മുടെ തലച്ചോറിന് ഓര്‍മ്മകള്‍ കൂടുതല്‍ വ്യക്തമായി രേഖപ്പെടുത്താന്‍ കഴിയും. മാത്രമല്ല, തീവ്രമായ വികാരങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തലച്ചോറിന് കൂടുതല്‍ ശക്തമായി ഓര്‍മ്മിക്കാന്‍ കഴിയും. ആദ്യമായി പ്രണയത്തിലാകുന്നത് അത്തരമൊരു അനുഭവമാണ്. അതില്‍ സന്തോഷം, ആവേശം, അടുപ്പം, ചിലപ്പോള്‍ ഹൃദയഭേദകമായ വേദന എന്നിവ ഉള്‍പ്പെടാം. അതുകൊണ്ടാണ് അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മറ്റ് സാധാരണ ഓര്‍മ്മകളേക്കാള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സില്‍ പതിഞ്ഞിരിക്കുന്നത്.

ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ദീര്‍ഘനേരം നിലനില്‍ക്കാനുള്ള ഒരു കാരണം ആവര്‍ത്തിച്ചുള്ള ചിന്തകളായിരിക്കാം. ഒരു അനുഭവം വീണ്ടും ഓര്‍മിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നാഡീ പാതകള്‍ കൂടുതല്‍ ശക്തമാകും. അതുകൊണ്ടാണ് ആദ്യ ഡേറ്റിന്റെയോ, ഒരാളുടെ കൈ ആദ്യമായി പിടിച്ചതിന്റെയോ, ആദ്യ ചുംബനത്തിന്റെയോ, അല്ലെങ്കില്‍ ഒരുമിച്ച് ചെലവഴിച്ച ഒരു പ്രത്യേക ദിവസത്തിന്റെയോ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്നത്. വേര്‍പിരിയലിനു ശേഷവും ഒരാള്‍ ആ നിമിഷങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാല്‍ ആ ഓര്‍മ്മകള്‍ കൂടുതല്‍ ശക്തമാകും.
ആദ്യ പ്രണയത്തില്‍ അനുഭവപ്പെടുന്ന സന്തോഷത്തിനും അടുപ്പത്തിനും ശരീരത്തിലെ രാസമാറ്റങ്ങളും കാരണമാകുന്നു. പ്രത്യേകിച്ച് കൗമാരപ്രായത്തില്‍ ശരീരത്തില്‍ നിരവധി ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഡോപാമൈന്‍, സെറോടോണിന്‍, ഓക്‌സിടോസിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ആകര്‍ഷണത്തിലും പ്രണയത്തിലും ഒരു പങ്കു വഹിക്കുന്നു. സന്തോഷം, ബന്ധം, അടുപ്പം എന്നിവയുടെ വികാരങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ആദ്യമായി പ്രണയത്തിലാകുന്ന അനുഭവം വളരെ സവിശേഷവും ചിലപ്പോള്‍ വളരെ തീവ്രവുമായി തോന്നുന്നത്. ഓക്‌സിടോസിന്‍ പലപ്പോഴും ബോണ്ടിംഗ് ഹോര്‍മോണ്‍ എന്ന് വിളിക്കപ്പെടുന്നു. കെട്ടിപ്പിടിക്കുക, ചുംബിക്കുക, അല്ലെങ്കില്‍ ഒരു പങ്കാളിയുമായി അടുത്ത നിമിഷങ്ങള്‍ ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ രണ്ട് ആളുകള്‍ തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തും.

ആദ്യ പ്രണയം വെറും പ്രണയത്തിലാകല്‍ മാത്രമല്ല. ജീവിതത്തില്‍ നിരവധി പുതിയ അനുഭവങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാം. ആദ്യ ഡേറ്റിംഗ്, ആദ്യ ചുംബനം, ഒരു ബന്ധത്തിലെ ആദ്യ വിശ്വാസം, അല്ലെങ്കില്‍ ആദ്യത്തെ ശാരീരിക ബന്ധം തുടങ്ങിയ അനുഭവങ്ങളും ഈ ബന്ധത്തിനിടയില്‍ ഉണ്ടാകാം. കൂടാതെ ഒരു വ്യക്തി വിട്ടുവീഴ്ച ചെയ്യാനും, വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യാനും, മറ്റൊരാളെ വിശ്വസിക്കാനും, അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും പഠിക്കുന്നു. അതിനാല്‍ ആദ്യ പ്രണയം നമ്മുടെ വ്യക്തിപരവും വൈകാരികവുമായ വികാസത്തിന്റെ ഭാഗമാകാനും കഴിയും.
പ്രണയിക്കുമ്പോള്‍ തലച്ചോറില്‍ പുറപ്പെടുന്ന ഡോപാമൈന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയ രാസവസ്തുക്കള്‍ നല്ലതും സന്തോഷകരവുമായ വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സന്തോഷം നല്‍കിയ അനുഭവങ്ങള്‍ ഓര്‍മ്മിക്കാന്‍ നമ്മുടെ തലച്ചോര്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ്, ആദ്യ പ്രണയം അവസാനിച്ചതിനുശേഷം ഒരു വ്യക്തിക്ക് പലപ്പോഴും ആ വ്യക്തിയെക്കാള്‍ ബന്ധത്തിനിടയില്‍ അനുഭവിച്ച വികാരങ്ങള്‍ നഷ്ടപ്പെടുന്നത്. പഴയ സുഖകരമായ അനുഭവങ്ങള്‍ക്കായി തലച്ചോറ് കൊതിക്കുന്നത്. ഇത് പഴയ ഓര്‍മ്മകള്‍ വീണ്ടും ഉയര്‍ന്നുവരാന്‍ കാരണമാകും.

ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്നതല്ല. 80 തും 90 വയസുള്ളവരോട് കാതറിന്‍ ലവ്‌ഡേ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ പലരും ആദ്യകാല ബന്ധങ്ങളെ അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഓര്‍മ്മകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ പ്രണയം ജീവിതത്തില്‍ ആദ്യമായി പലതും സംഭവിച്ച ഒരു സമയത്തെ ഓര്‍മ്മിപ്പിക്കുന്നു എന്നതായിരിക്കാം ഇതിന് ഒരു കാരണം. അതിനാല്‍ ആളുകള്‍ പലപ്പോഴും അവരുടെ മുന്‍ പങ്കാളിയെയും ആ സമയത്തെ അവരുടെ യൗവനത്തെയും ജീവിതത്തെയും ഓര്‍ക്കുന്നു.
ആദ്യ പ്രണയത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാകുന്നത് ആ ബന്ധത്തിലേക്ക് തിരികെ വരാനുള്ള ആഗ്രഹത്തെ സൂചിപ്പിക്കുന്നില്ല. ചിലപ്പോള്‍ അത് വെറും നൊസ്റ്റാള്‍ജിയ മാത്രമാണ്. ഒരു പഴയ പാട്ടോ ഫോട്ടോയോ സ്ഥലമോ പെട്ടെന്ന് ആ കാലത്തെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവന്നേക്കാം. അതുപോലെ നിലവിലെ ബന്ധത്തിലെ മനോഹരമായ നിമിഷങ്ങള്‍ ഓര്‍മ്മിക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങള്‍ ഒരുമിച്ച് കണ്ട ആദ്യ സിനിമ, ആദ്യ യാത്ര, അല്ലെങ്കില്‍ ആദ്യകാലങ്ങളിലെ മനോഹരമായ ഓര്‍മ്മ എന്നിവ ഒരു ബന്ധത്തില്‍ അതേ ഊഷ്മളത തിരികെ കൊണ്ടുവരും.
Content Highlights : Love is one of those life memories that is hard to forget, even after years have passed. The scientific reason why no one forgets their first love.