ട്രെയിൻ ഇറങ്ങിയാൽ നേരിട്ട് കാറിൽ കയറാം; 'റെയിൽ ടു റോഡ്' പദ്ധതിയുമായി ഇത്തിഹാദ് റെയിൽ

ഭാവിയിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനൊപ്പം തന്നെ കാറുകളും ബുക്ക് ചെയ്യാനാവുന്ന സംയോജിത സിസ്റ്റവും AI അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കും.

ട്രെയിൻ ഇറങ്ങിയാൽ നേരിട്ട് കാറിൽ കയറാം; 'റെയിൽ ടു റോഡ്' പദ്ധതിയുമായി ഇത്തിഹാദ് റെയിൽ
dot image

ഇത്തിഹാദ് റെയിൽ യാത്രക്കാർക്കായി പുതിയ 'റെയിൽ ടു റോഡ്' കാർ വാടക സേവനം പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ട്രെയിൻ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് വാഹനം വാടകയ്‌ക്കെടുത്ത് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാകും. ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയിലുടനീളം ഈ സേവനങ്ങൾ നൽകുന്നതിനായി ത്രിഫ്റ്റി കാർ റെന്റൽ, ഇത്തിഹാദ് റെയിലുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്‌സൈറ്റ്, ത്രിഫ്റ്റിയുടെ പ്ലാറ്റ്‌ഫോം എന്നിവ വഴി യാത്രക്കാർക്ക് എളുപ്പത്തിൽ കാറുകൾ ബുക്ക് ചെയ്യാനാകും. ശൃംഖലയിലെ 11 പാസഞ്ചർ സ്റ്റേഷനുകളിലും ഡിജിറ്റൽ വാടക കിയോസ്കും ഹെൽപ് ഡെസ്കും ഉണ്ടാകും. ഭാവിയിൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനൊപ്പം തന്നെ കാറുകളും ബുക്ക് ചെയ്യാനാവുന്ന സംയോജിത സിസ്റ്റവും AI അധിഷ്ഠിത സേവനങ്ങളും ലഭ്യമാക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ പദ്ധതിക്കായി 10 ദശലക്ഷത്തിലധികം ദിർഹമാണ് ത്രിഫ്റ്റി നിക്ഷേപിക്കുന്നത്. ആദ്യഘട്ടത്തിൽ 500 വാഹനങ്ങൾ സർവീസിനായി അനുവദിക്കും.

ലോകമെമ്പാടുമുള്ള ട്രെയിൻ യാത്രക്കാരിൽ 50 ശതമാനത്തിലധികം പേരും തങ്ങളുടെ അവസാന ഘട്ട യാത്രകൾക്കായി കാർ റെന്റൽ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിക്കാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്കും ടൂറിസ്റ്റുകൾക്കും ബിസിനസ് യാത്രക്കാർക്കും ഈ നീക്കം വലിയ ആശ്വാസമാകും. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന യാത്രാ സർവീസിന്റെ ആദ്യ ഘട്ടം ജൂൺ 30-നാണ് ഇത്തിഹാദ് റെയിൽ ആരംഭിച്ചത്.

റെയിൽ ശൃംഖലയുടെ ഘട്ടം ഘട്ടമായുള്ള വികസനവും ആസൂത്രണം ചെയ്തിട്ടുണ്ട്. 2026 സെപ്റ്റംബർ 30-ഓടെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപത്തെ ദുബായ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും തുറക്കും. തുടർന്ന് നവംബർ 30-ന് അൽ ദഫ്രയിലെ മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകളും ഡിസംബർ 30-ന് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകളും പ്രവർത്തനം ആരംഭിക്കും.

2027 മാർച്ച് 30-ന് ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും. ശൃംഖല പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രതിവർഷം ഒരു കോടിയോളം യാത്രക്കാരെ വഹിക്കാൻ ഇത്തിഹാദ് റെയിലിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Etihad Rail has launched the 'Rail to Road' concept, enabling passengers to move directly from trains to cars after arriving at stations. The initiative aims to provide smoother and more convenient transportation options.

dot image
To advertise here,contact us
dot image