

ലയണല്‍ മെസ്സിയുടെ അസാധാരണ മികവിനെ പ്രശംസിച്ചും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഹാരി കെയ്ന്‍ എന്നിവര്‍ മികച്ച കളിക്കാരാണെന്ന് ചൂണ്ടിക്കാണിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞയാറാഴ്ച ലോകകപ്പ് ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപ് താരങ്ങളെ പ്രശംസിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളിന് മെസ്സി നല്‍കിയ അസിസ്റ്റ് മികവുറ്റതായിരുന്നുവെന്നും ട്രംപ് വിശേഷിപ്പിച്ചു. ഇത്തരം മികച്ച കളിക്കാര്‍ക്ക് ഉള്ളില്‍ സവിശേഷമായ എന്തോ ഒന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു മികച്ച കളിക്കാരനും വ്യക്തിയുമാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഒപ്പം ഹാരി കെയ്ന്റെ കളിമികവിനെ അഭിനന്ദിച്ച അദ്ദേഹം, സെമിഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ലീഡ് നേടിയ ശേഷം ഹാരി കെയ്നെ പ്രതിരോധ നിരയിലേക്ക് മാറ്റിയ ഇംഗ്ലണ്ടിന്റെ തന്ത്രം പിഴച്ചതായും അഭിപ്രായപ്പെട്ടു. 'ഞായറാഴ്ച സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തിനായി നമ്മള്‍ കാത്തിരിക്കുകയാണ്. സെമിയില്‍ മെസ്സി നല്‍കിയ ആ പാസ് ഞാന്‍ കണ്ടു. ഒരു മികച്ച കളിക്കാരന്‍ അദ്ദേഹത്തെ കൃത്യമായി മാര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നു, എന്നിട്ടും അദ്ദേഹം വലത്തോട്ട് നീങ്ങി പന്ത് പാസ് ചെയ്തു. മറ്റേ കളിക്കാരന്‍ അവിടെ നോക്കിനില്‍ക്കുകയേ ഉണ്ടായുള്ളൂ. അതൊരു പെര്‍ഫെക്റ്റ് പാസ് ആയിരുന്നു. അതോടെ കളി അവസാനിച്ചു. അത് തികച്ചും മനോഹരമായിരുന്നു,' -ട്രംപ് പറഞ്ഞു.
അര്‍ജന്റീനയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ 1-0 ന് ലീഡ് നേടിയ ശേഷം, ഇംഗ്ലണ്ട് മാനേജര്‍ തോമസ് ടുഷേല്‍ പ്രതിരോധ നിരയിലേക്ക് കൂടുതല്‍ കളിക്കാരെ ഇറക്കി തന്ത്രം മാറ്റിയിരുന്നു. ഇതോടെ അര്‍ജന്റീന കളിയില്‍ ആധിപത്യം സ്ഥാപിക്കുകയും തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഇതിന്റെ ഫലമായി കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് രണ്ട് ഗോളുകള്‍ വഴങ്ങി 2-1 ന് പരാജയപ്പെടുകയായിരുന്നു.
'ഈ മികച്ച കളിക്കാര്‍ ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവര്‍ ജന്മനാ സവിശേഷമായ കഴിവുള്ളവരാണ്. റൊണാള്‍ഡോ അവരില്‍ ഒരാളാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. കൂടാതെ ഇംഗ്ലണ്ടിന് ഹാരി കെയ്ന്‍ എന്നൊരു മികച്ച കളിക്കാരനുണ്ട്. അദ്ദേഹത്തോടൊപ്പം ഞാന്‍ ഗോള്‍ഫ് കളിച്ചിട്ടുണ്ട്. അവര്‍ ഒരുപക്ഷേ അദ്ദേഹത്തെ പ്രതിരോധ നിരയിലേക്ക് മാറ്റിയതിലൂടെ തെറ്റ് വരുത്തിയിരിക്കാം. ലീഡ് നേടിയ ശേഷം അവരുടെ ഏറ്റവും മികച്ച കളിക്കാരനെ അവര്‍ പ്രതിരോധത്തിലാക്കി,' -ട്രംപ് കൂട്ടിച്ചേര്‍ത്തു.
സെമിഫൈനല്‍ വിജയങ്ങള്‍ക്ക് ശേഷം, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ഫൈനലില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. ഇതിഹാസ താരം ലയണല്‍ മെസ്സിയും കൗമാര വിസ്മയം ലമീന്‍ യമാലും തമ്മിലുള്ള ആവേശപ്പോരാട്ടത്തിനാണ് ലോകം കാത്തിരിക്കുന്നത്. സെമിയില്‍ ഫ്രാന്‍സിനെ 2-0 ന് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്. അതേസമയം, ഇംഗ്ലണ്ടിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 2-1 ന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ രണ്ട് അസിസ്റ്റുകളോടെ ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയെ മറികടന്ന് മെസ്സി നിലവില്‍ ഗോള്‍ഡന്‍ ബൂട്ട് പട്ടികയില്‍ ഒന്നാമതാണ്.
content highlights: "Lionel Messi has something extra": US President Donald Trump praises football legend