'സംഘടനയ്ക്ക് ഉള്ളിൽ പറയേണ്ട വിഷയം മാധ്യമങ്ങളിലൂടെ വഷളാക്കി'; അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ' സംഘടന

അന്‍സിബയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍

'സംഘടനയ്ക്ക് ഉള്ളിൽ പറയേണ്ട വിഷയം മാധ്യമങ്ങളിലൂടെ വഷളാക്കി'; അൻസിബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി 'അമ്മ' സംഘടന
dot image

കൊച്ചി: നടി അന്‍സിബയ്‌ക്കെതിരെ നടപടിക്ക് ഒരുങ്ങി 'അമ്മ' സംഘടന. ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. അന്‍സിബയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. സംഘടനയ്ക്ക് ഉള്ളില്‍ പറയേണ്ട വിഷയം മാധ്യമങ്ങളിലൂടെ വഷളാക്കിയെന്നും സംഘടന വിലയിരുത്തിയിട്ടുണ്ട്.

അന്‍സിബയുമായി ബന്ധപ്പെട്ട വിഷയം ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വോട്ടിനിടാനാണ് തീരുമാനം. തുടര്‍ന്ന് ഞായറാഴ്ച നടക്കുന്ന ജനറല്‍ ബോഡിയെ തീരുമാനം അറിയിക്കും. ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രിയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍ അന്‍സിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നല്‍കിയിരുന്നു. അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്.

അതേസമയം നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്‍സിബ. ടിനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നാണ് അന്‍സിബയുടെ ആവശ്യം. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വര്‍ഗീയ വാദിയായി ചിത്രീകരിച്ചവെന്നുമുള്ള അരോപണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാകും ഹര്‍ജി നല്‍കുക.

ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍സിബ ഹസന്‍ ഉന്നയിച്ചത്. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്നും ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ ആരോപിച്ചു. 'എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും' എന്നാണ് അന്‍സിബ പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അന്‍സിബയുടെ പ്രതികരണം.

അന്‍സിബയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോമും രംഗത്തെത്തിയിരുന്നു. സ്വന്തം തിരക്കുകള്‍ മൂലമാണ് രാജിവയ്ക്കുന്നത് എന്നാണ് അന്‍സിബ നേരത്തെ പറഞ്ഞിരുന്നതെന്നും പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് ടിനി ടോം പറഞ്ഞത്. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണെന്നും ടിനി പറഞ്ഞിരുന്നു.

Content Highlights: AMMA association is considering disciplinary action against actress Anasiba after internal discussions, according to reports

dot image
To advertise here,contact us
dot image