

പത്തനംതിട്ട: പത്തനംതിട്ടയിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പതിനേഴുകാരന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ രാത്രി ഇടുക്കി അണക്കരയില്‍ എത്തിയാണ് പത്തനംതിട്ട ഇലവുംതിട്ട പൊലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തോട് പത്തനംതിട്ടയില്‍ എത്താനാണ് പൊലീസ് ആദ്യം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തയില്‍ ഇടപെട്ട മന്ത്രി ബിന്ദു കൃഷ്ണ പൊലീസിനോട് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എലോഹിം വര്‍ഷിപ്പ് സെന്ററിന് കീഴിലുളള സ്‌നേഹത്തണല്‍ വൃദ്ധസദനത്തില്‍ മറ്റൊരു കുട്ടിക്കും മര്‍ദ്ദനമേറ്റിരുന്നു. കാലിനും കൈയ്ക്കും പുറത്തുമാണ് മര്‍ദ്ദനമേറ്റത്. കോട്ടയം സ്വദേശിയായ പതിനേഴുകാരനാണ് മര്‍ദ്ദനമേറ്റത്. ശിശുക്ഷേമ സമിതി കുട്ടിയെ മറ്റൊരു ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. മഞ്ഞനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ നിന്നും ഇന്നലെ അന്തേവാസികളെ മാറ്റിയിരുന്നു.
എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ നടക്കുന്ന കൊടിയ പീഡനങ്ങള്‍ വെളിപ്പെടുത്തി മുന്‍ ജീവനക്കാരി രംഗത്തെത്തി. സ്ഥാപനത്തില്‍ കൊടിയ പീഡനങ്ങളാണ് നടക്കുന്നതെന്നും ഒരു കാരണവുമില്ലാതെ അതിക്രൂരമായാണ് കുട്ടികളെ മര്‍ദ്ദിക്കുന്നതെന്നും ജീവനക്കാരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'വലിയ വടികള്‍ ഉപയോഗിച്ചാണ് മര്‍ദ്ദനം. കൈ വെച്ചും ഇടിക്കും. ജയില്‍ പോലെയാണ് അവിടെ. പതിനേഴുകാരന്റെ പീഡനം വീട്ടില്‍ അറിയിച്ചതിന് ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥാപനത്തിന് എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം എനിക്കാണെന്ന് എഴുതി വാങ്ങി. കൂടുതല്‍ പേര്‍ സ്ഥാപനത്തില്‍ പീഡനം അനുഭവിക്കുന്നുണ്ട്. അവരെ മോചിപ്പിക്കണം' എന്നാണ് ഇടുക്കി സ്വദേശിനിയായ മുന്‍ ജീവനക്കാരി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞത്.
ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയെയാണ് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചത്. മാനേജര്‍ അടക്കം മൂന്ന് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ റെജി, ബെന്നി , സിജോ എന്നിവരെയാണ് പ്രതിചേര്‍ത്തത്. കട്ടപ്പന പൊലീസ് അന്വേഷണം പത്തനംതിട്ട പൊലിസിന് കൈമാറും. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ക്രൂരമര്‍ദനമേറ്റത്. മൂന്നു മാസമായി വര്‍ഷിപ്പിങ് സെന്റില്‍ താമസിച്ച് വരികയായിരുന്നു കുട്ടി. പഠനത്തിനൊപ്പം ജോലിയും നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഒടുവില്‍ പഠനം നടക്കാതെ വരികയും സെന്ററിലെ ജോലികള്‍ ചെയ്യിക്കുന്നത് തുടരുകയും ചെയ്തതോടെ ഇതിനെ കുട്ടി ചോദ്യം ചെയ്തു. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.
Content Highlights: Police recorded the statement of a 17-year-old boy who was brutally assaulted at the Elohim Global Worship Center in Pathanamthitta