ബോസ്‌നിയ ഹെര്‍സഗോവിന പിടിച്ചുനിന്നു; പിന്നെ തകര്‍ന്നു, സ്വിറ്റ്‌സര്‍ലാന്‍ഡിന് മിന്നും ജയം

ബോസ്‌നിയ ഹെര്‍സഗോവിനയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ നാലുഗോളിന്

ബോസ്‌നിയ ഹെര്‍സഗോവിന പിടിച്ചുനിന്നു; പിന്നെ തകര്‍ന്നു, സ്വിറ്റ്‌സര്‍ലാന്‍ഡിന് മിന്നും ജയം
dot image

ഫുട്‌ബോള്‍ ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ലോസ് അഞ്ചലസ് സ്റ്റേഡിയം കണ്ടത് അവസാന അരമണിക്കൂറിലെ ഗോള്‍മഴ. കരുത്തരായ സ്വിറ്റ്‌സര്‍ലാന്‍ഡിനെ എഴുപത്തിയഞ്ച് മിനുട്ടോളം പിടിച്ചുനിര്‍ത്താന്‍ ബോസ്‌നിയ ഹെര്‍സഗോവിനക്കായി. എന്നാല്‍ അവിടെ കളി മാറി. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. മത്സരം മാറ്റിയത് സ്വിസ് കോച്ച് മുറാത്ത് യാക്കിന്‍ രണ്ടാം പകുതിയില്‍ വരുത്തിയ മാറ്റങ്ങളാണ്. എഴുപതാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ജൊഹാന്‍ മന്‍സാംബി നാല് മിനുട്ടിനുള്ളില്‍ ബോസ്‌നിയ വലചലിപ്പിച്ചു. 1950-ന് ശേഷം ലോകകപ്പില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മന്‍സാംബി സ്വന്തമാക്കി.

മത്സരത്തിന്റെ ഗതിമാറ്റിയ ചുവപ്പുകാര്‍ഡ് പിറന്നത് മന്‍സാംബിയുടെ ഗോളിന് പിന്നാലെയാണ്. എണ്‍പതാം മിനുട്ടില്‍ ബോസ്‌നിയന്‍ പ്രതിരോധതാരം താരിക് മുഹറമോവിച്ച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബോസ്‌നിയ ഹെര്‍സഗോവിന പത്ത് പേരായി ചുരുങ്ങി. ബോക്‌സിന് പുറത്ത് ബ്രീല്‍ എംബോളയെ ഫൌള്‍ ചെയ്തതിനാണ് ചുവപ്പ് കാര്‍ഡ് ഉയര്‍ന്നത്.
ആളെണ്ണം കുറഞ്ഞ ബോസ്‌നിയ ഹെര്‍സഗോവിനക്കെതിരെ സ്വിസ് ആക്രമണം കടുപ്പിച്ചു. എണ്‍പത്തിനാലാം മിനുട്ടില്‍ റൂബന്‍ വര്‍ഗാസ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ രണ്ടാം ഗോള്‍ നേടി. പകരക്കാരനായി വന്ന റൂബന്‍ ഒരു ഗോളടിക്കുകയും, ഒരു ഗോളഇന് വഴിയൊരുക്കുകയും ചെയ്തു. ആറ് മിനുട്ടിനുള്ളില്‍ മന്‍സാംബി തന്റെ രണ്ടാം ഗോളിലൂടെ സ്വിസ് ഗോള്‍ നേട്ടം മൂന്നായി ഉയര്‍ത്തി. എന്നാല്‍ തിരിച്ചടിച്ച ബോസ്‌നിയ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടില്‍ ആശ്വാസ ഗോള്‍ നേടി.

കളിയില്‍ ഇടയ്ക്കിടെ സ്വിസ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ബോസ്‌നിയക്ക് ഗോളടിക്കാനായത് 93-ാം മിനിട്ടിലാണ്. കോര്‍ണറില്‍ നിന്നുള്ള പന്തിനെ പകരക്കാരന്‍ എര്‍മിന്‍ മഹ്‌മിച്ചാണ് വലയിലാക്കി.
അധികസമയത്തിന്റെ അവസാന മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ബോസ്‌നിയയുടെ വലയിലെത്തിച്ച സ്വിസ് നായകന്‍ ഗ്രാനിറ്റ് ഷാക്ക ഗോള്‍ വേട്ട പൂര്‍ത്തിയാക്കി. ബോസ്‌നിയ ഗോളി നിക്കോള വാസിലി കൃത്യമായി ചാടിയെങ്കിലും പന്തിന്റെ വേഗം പിടികൊടുത്തില്ല. സ്വിസ് താരം ഡ്രിബില്‍ സൌവിനെ ബോസ്‌നിയന്‍ താരം അമര്‍ മെമിച്ച് ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ജയത്തോടെ നാല് പോയന്റുമായി സ്വിറ്റ്‌സര്‍ലാന്‍ഡ് ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി, റൌണ്ട് ഓഫ് 32 സാധ്യത സജീവമാക്കി. രണ്ട് കളിയില്‍ ഒരു പോയന്റ് മാത്രമുള്ള ബോസ്‌നിയക്ക് അവസാന കളി ജീവന്മരണ പോരാട്ടമായി. ഖത്തറിനെ വലിയ മാര്‍ജിനില്‍ തോല്‍പിച്ചാലേ, അവര്‍ക്ക് മുന്നോട്ടുള്ള വഴി തുറക്കൂ.

content highlights: Bosnia and Herzegovina Held Ground; Then Crumbled, Splendid Win for Switzerland

dot image
To advertise here,contact us
dot image