

ഫുട്‌ബോള്‍ ലോകകപ്പില്‍ സൊമാലിയന്‍ റഫറിയെ തിരിച്ചയച്ച അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച് ഫുട്‌ബോള്‍ താരം സികെ വിനീത്. ഫിഫ ലോകകപ്പ് എന്നത് ഫുട്‌ബോളിന്റെ മാത്രമല്ല, സമത്വത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഘോഷമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലോകത്തെ ഒന്നിപ്പിക്കേണ്ട ടൂര്‍ണമെന്റ്, അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെയും വിവേചനപരമായ സമീപനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളിലേക്കും വഴിമാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്; ഫിഫ ലോകകപ്പ് എന്നത് ഫുട്‌ബോളിന്റെ മാത്രമല്ല, സമത്വത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഘോഷമാണ്. എന്നാല്‍ 2026 ലോകകപ്പിന്റെ തുടക്കം തന്നെ ആ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ കൂടിയാണ് സംഭവിക്കുന്നത്. ലോകത്തെ ഒന്നിപ്പിക്കേണ്ട ടൂര്‍ണമെന്റ്, അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെയും വിവേചനപരമായ സമീപനങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളിലേക്കും വഴിമാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ആഫ്രിക്കയുടെ മികച്ച റഫറിയായി തിരഞ്ഞെടുക്കപ്പെട്ട, ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ നിയുക്തനായ ആദ്യ സൊമാലിയക്കാരന്‍ ഒമര്‍ അബ്ദുല്‍ഖാദിര്‍ അര്‍താന് അമേരിക്ക പ്രവേശനം നിഷേധിച്ചത് അതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. ലോകത്തെ ഏറ്റവും റേസിസ്റ്റ് ഗവണ്‍മെന്റ് തങ്ങളാണെന്നോ,അല്ലെങ്കില്‍ പുതിയ കാലത്തും റേസിസത്തിന് സ്റ്റേറ്റ് നിയന്ത്രിതമായ നിയമ സാധുതയുണ്ടെന്നോ, ജോര്‍ജ് ഫ്‌ലോയിഡിനെ ഞെരിച്ചമര്‍ത്തിയവര്‍ അവസാനിച്ചിട്ടില്ലെന്നോ, അമേരിക്കന്‍ ഭരണകൂടം ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്… ഒരു റഫറിക്ക് ഭ്രഷ്ട് കല്‍പ്പിക്കുമ്പോള്‍ ഫുട്‌ബോള്‍ സ്‌നേഹികള്‍ ' i cant breath ' എന്ന് വീര്‍പ്പ് മുട്ടുന്നുണ്ടാകും.. സാധുവായ വിസ കൈവശമുണ്ടായിരുന്ന ഒരാള്‍ക്ക് ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വേദിയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുമ്പോള്‍ അത് ഒരു വ്യക്തിക്കെതിരായ നടപടി മാത്രമല്ല, ഒരു ജനതയോടുള്ള സമീപനത്തിന്റെ പ്രതിഫലനമാണ് . സൊമാലിയയെയും സൊമാലിയക്കാരെയും കുറിച്ച് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവഹേളന പരാമര്‍ശങ്ങളെയും ഇതിനോട് ചേര്‍ത്ത് വായിക്കണം
ഇറാന്റെ അനുഭവവും അതില്‍ നിന്ന് വ്യത്യസ്തമല്ല. അമേരിക്കയുടെ വിദേശ നയങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും മുന്നില്‍ വഴങ്ങാന്‍ തയ്യാറാകാത്ത ഇറാന്‍. ലോകകപ്പിന്റെ പേരില്‍ ആതിഥേയ രാജ്യത്തേക്ക് എത്തുമ്പോള്‍, ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലെ ഉദ്യോഗസ്ഥര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മാധ്യമപ്രവര്‍ത്തകര്‍ക്കും വിസ നിഷേധിക്കപ്പെടുകയോ കാലതാമസം നേരിടുകയോ ചെയ്തു. ടീം അമേരിക്കയില്‍ തയ്യാറെടുപ്പ് നടത്തുന്നതിന് പകരം മെക്‌സിക്കോയില്‍ താവളമുറപ്പിക്കാന്‍ നിര്‍ബന്ധിതരായി. ഇറാനിയന്‍ ആരാധകര്‍ക്കും വിവിധ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരുന്നു . ഫുട്‌ബോള്‍, രാഷ്ട്രീയത്തിന് അതീതമാണെന്ന് പറയുന്ന ഫിഫ തന്നെ അമേരിക്കയുടെ രാഷ്ട്രീയത്തിന്റെ മതിലുകള്‍ക്കു മുന്നില്‍ തലകുനിക്കുന്നതിന്റ ഉദാഹരണമായിരുന്നു ഇത്.
ഇത് സൊമാലിയയുടെയോ ഇറാന്റെയോ മാത്രം പ്രശ്‌നമല്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും അറബ് ലോകത്ത് നിന്നുള്ളവരും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവരും കൂടുതല്‍ പരിശോധനകള്‍ക്കും വിസ സങ്കീര്‍ണതകള്‍ക്കും പ്രവേശന അനിശ്ചിതത്വങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ തുറക്കുന്ന വാതിലുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അടയ്ക്കപ്പെടുന്നു.
അമേരിക്ക സ്വയം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിത്രവും ലോകം യാഥാര്‍ത്ഥ്യത്തില്‍ കാണുന്ന അമേരിക്കയും തമ്മിലുള്ള വ്യത്യാസം അളക്കപ്പെടുന്ന വേദിയാണ് ഇത്. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നീ വാക്കുകള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഒരു രാജ്യം, അതിഥികളെ സ്വീകരിക്കുന്ന രീതിയിലൂടെ ആ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം തെളിയിക്കേണ്ട സമയമാണിത്.
സ്വന്തം രാജ്യത്ത് സ്‌കൂളില്‍ ബോംബിങ് നടത്തി അമേരിക്ക അരും കൊല ചെയ്ത കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സന്ദേശങ്ങളുമായി ഇറാനിയന്‍ താരങ്ങള്‍ ലോകകപ്പില്‍ എത്തിയത് യാദൃശ്ചികമല്ല. ലോകം ആഘോഷിക്കുന്ന വേളയിലും യുദ്ധങ്ങളും ഉപരോധങ്ങളും ഇരട്ടത്താപ്പുകളും തുടരുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനയായിരുന്നു അത്. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തന്നെയാണ് ഫുട്‌ബോളിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്. ഫിഫ പ്രസിഡന്റും ട്രംപും തമ്മിലുള്ള ബന്ധം ഉപയോഗിച്ച് മെയ്ക്ക് അമേരിക്ക ഗ്രേറ്റ് ഏഗയ്ന്‍ ക്യാമ്പയ്ന്‍ നടത്തുകയാണവര്‍. അടുത്ത ഒരു മാസം ലോകം ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമല്ല കാണുക. അമേരിക്ക പറയുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം കൂടി ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെടും, ഒരു ലോകകപ്പിന് രാജ്യങ്ങളുടെ പ്രൗഢി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത് പോലെ തന്നെ അവരുടെ യഥാര്‍ത്ഥ മുഖവും വെളിപ്പെടുത്താന്‍ കഴിയും. അമേരിക്ക കൊട്ടി ഘോഷിക്കുന്ന ലിബറല്‍ ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങള്‍ ഊതി നിറച്ച കുമിളയായി പൊട്ടാന്‍ കൂടെയുള്ളതാണ് ഈ ലോകകപ്പ്.
content highlights: World Cup is a celebration of equality and humanity; CK Vineeth comes out in support of Omar Artane